കൊച്ചി: താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്. കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകളെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്നും കൊച്ചിയിലെ പികെ ഡീവര്‍ അനുസ്മരണ പരിപാടിയില്‍ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇടയ്ക്ക് കെഎസ്‌യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്റെ കയ്യില്‍ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താന്‍ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വര്‍ഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്‌ലക്‌സ് ഉയര്‍ന്ന സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
ഇതിനിടെ രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവല്ലാത്തപ്പോഴും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ രമേശ് ചെന്നിത്തലക്കാകുമെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനമധ്യത്തില്‍ ഉണ്ടാകുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചര്‍ച്ചകളെയും പ്രസ്താവനകളെയും അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം ചര്‍ച്ചകളില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates