തിരുവനന്തപുരം: ദുബായില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം. യുവാവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ ആക്രമണം. സ്വര്‍ണം കിട്ടാത്തത്തിനെത്തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. വള്ളക്കടവ് സ്വദേശികളായ സനീര്‍(39), സിയാദ്(24), മാഹീന്‍(34), ഹക്കിം(31) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെ വിമാനത്താവളത്തിലെ ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിനലിലെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഭവം. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തൃശ്ശൂര്‍ മുല്ലശ്ശേരി എലവള്ളി ചേവാക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിനൂപിനാണ് മര്‍ദനമേറ്റത്. കൂടെയുണ്ടായിരുന്ന ഓയൂര്‍ സ്വദേശിനി മുംതാസ് ഓടിരക്ഷപ്പെട്ടു.
വിമാനമെത്തിയശേഷം പരിശോധന കഴിഞ്ഞ് ആദ്യം മുംതാസാണ് പുറത്തിറങ്ങിയത്, പിന്നാലെ വിനൂപുമെത്തി. ഈ സമയത്ത് പുറത്തു കാത്തുനിന്ന യുവാക്കളുടെ സംഘം വിനൂപിന്റെ അടുത്തെത്തിയശേഷം ദുബായില്‍നിന്നു തന്നയച്ച സ്വര്‍ണം തരാന്‍ ആവശ്യപ്പെട്ടു. എട്ട് പവനോളം വരുന്ന ആഭരണമാണ് കൊടുത്തയച്ചതെന്നാണ് സൂചന. തന്റെ പക്കല്‍ സ്വര്‍ണമില്ലെന്ന് അറിയിച്ചതോടെ ഇവര്‍ വിനൂപിനെ മര്‍ദിക്കുകയായിരുന്നു. ഇതുകണ്ട് വിനൂപിനൊപ്പമുണ്ടായിരുന്ന മുംതാസ് തന്റെ ബാഗുമായി ഓടിരക്ഷപ്പെട്ടു.
സ്വര്‍ണം കിട്ടാത്തതിനെത്തുടര്‍ന്ന് യുവാക്കള്‍ വിനൂപിന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിനൂപ് വിമാനത്താവളത്തിനു പുറത്തുള്ള പൊലീസ് എയ്ഡ്‌പോസ്റ്റില്‍ വിവരമറിയിച്ചു. എസ്എച്ച്ഒ വി. അശോക കുമാര്‍, എസ്‌ഐ ഇന്‍സമാം ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ നാലുപേരെയും അറസ്റ്റു ചെയ്തത്. പ്രതികളില്‍ മാഹീനും ഹക്കീമും തിരുനെല്‍വേലിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ ഉമര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates