ഒ വി വിജയന്‍, സക്കറിയ facebook
Kerala

'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'

എട്ടു കൊല്ലം മുന്‍പ് ഒ വി വിജയന്‍ സ്മാരകത്തിലെ യോഗത്തില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് എഡിറ്റ് ചെയ്ത് പ്രചരിക്കുന്ന വിഡിയോയില്‍ വിശദീകരണവുമായി എഴുത്തുകാരന്‍ സക്കറിയ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: എട്ടു കൊല്ലം മുന്‍പ് ഒ വി വിജയന്‍ സ്മാരകത്തിലെ യോഗത്തില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് എഡിറ്റ് ചെയ്ത് പ്രചരിക്കുന്ന വിഡിയോയില്‍ വിശദീകരണവുമായി എഴുത്തുകാരന്‍ സക്കറിയ. എഴുത്തുകാരന്‍ ഒ വി വിജയന്‍ ഒരു വലതുപക്ഷ ഹിന്ദു സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചപ്പോള്‍ താന്‍ അതിനെ വിമര്‍ശിച്ചതാണ് അന്ന് തര്‍ക്ക വിഷയമായതെന്ന് സക്കറിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വിജയന്റെ പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ' ആത്മീയത ' യെ എന്റേതായ - വിജയന് മനസ്സിലാകുന്ന - കാരണങ്ങളാല്‍ ഞാന്‍ തിരസ്‌കരിച്ചിട്ടുണ്ട്. ഗുരുസാഗരത്തിന്റെ കയ്യെഴുത്ത് പ്രതി വായിച്ചപ്പോള്‍ തന്നെ ഞാനത് വിജയനോട് പറഞ്ഞു. ആന്തരിക സംഘര്‍ഷങ്ങളിലൂടെ വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത് എന്ന് ഞാന്‍ കരുതുന്നു. യഥാര്‍ത്ഥ ആത്മീയത എന്തെന്ന് അറിയാത്ത ആളല്ല വിജയന്‍. പിന്നീട് വിജയന്‍ എടുത്ത തീരുമാനങ്ങളുടെ കാരണങ്ങള്‍ വിജയനെ അറിയൂ. വിജയന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് എന്തു നിലപാടുകള്‍ സ്വീകരിക്കുമായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ വിജയനെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി.'- സക്കറിയ കുറിച്ചു.

കുറിപ്പ്:

വിജയനെയും എന്നെയും പറ്റി

8 കൊല്ലം മുമ്പ് തസ്‌റാക്കിലെ ഓ വി വിജയന്‍ സ്മാരകത്തിലെ യോഗത്തില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളെ പറ്റി വേദിയില്‍ നടന്ന തര്‍ക്കത്തെ എഡിറ്റ് ചെയ്തുണ്ടാക്കിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിജയനെയും എന്നെയും പറ്റി ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

വിജയന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഡല്‍ഹിയിലെ എന്റെ ആദ്യകാലങ്ങളില്‍ എന്നെ ഏറ്റവും സഹായിച്ചവരില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ വഴി കാണിച്ചവരില്‍ ഒരാളായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട് പല തരത്തിലുള്ള ഇഴയടുപ്പങ്ങളില്‍ വേരൂന്നിയതായിരുന്നു. എന്റെ വിഷമങ്ങളില്‍ വിജയനും വിജയന്റെ വിഷമങ്ങളില്‍ ഞാനും കൂട്ടിനെത്തിയിട്ടുണ്ട്. എല്ലാ കൂട്ടുകാരെയും പോലെ പരസ്പരം രഹസ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.

എന്റെ സുഹൃത്തായ വിജയനെ ഞാന്‍ ആരാധനാ മനോഭാവത്തോടെയല്ല കാണുന്നത്. എഴുത്തുകാരനായ വിജയനെയും അല്ല. ആരെയും ആരാധിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ആരും വിമര്‍ശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നില്ല. അതിശയോക്തിയും വിഗ്രഹാരാധനയും സ്തുതിവചനങ്ങളും എനിക്ക് വഴങ്ങാത്ത രീതികളാണ്. വിജയന്‍ എനിക്ക് മുകുന്ദനെയോ കുഞ്ഞബ്ദുള്ളയേയോ കാക്കനാടനെയോപോലെ സുഹൃത്തും സഹഎഴുത്തുകാരനുമാണ്. വിജയന്റെ ചില രചനകള്‍ എനിക്കിഷ്ടമാണ്. ചിലത് അല്ല. വിജയന്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ തകഴി, ബഷീര്‍, പൊറ്റെക്കാട്ട്, എംടി, മാധവിക്കുട്ടി തുടങ്ങിയവരുടെ പോലെ തന്നെ വിലയേറിയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിരിയുകയും അതിന്റെ വിമര്‍ശകനാകുകയും ചെയ്തു. വിജയന്റെ സ്വതന്ത്ര നിലപാടുകള്‍ക്ക് പാര്‍ട്ടിയോടൊത്ത് പോകാന്‍ കഴിയുമായിരുന്നില്ല. മലയാളത്തില്‍ ആദ്യമായി വിജയനാണ് കമ്മ്യൂണിസ്റ്റ് ഗൃഹാതുരത്വത്തിന് ഒരു കാല്പനിക ഭാഷ നല്‍കിയത്. വിജയന്‍ ഹിന്ദു വലതുപക്ഷ വിശ്വാസങ്ങളോട് സഹിഷ്ണുത പ്രദര്‍ശിപ്പിച്ചിരുന്നു. ആ പ്രസ്ഥാനത്തിന്റെ ഭാഗമായി നില കൊണ്ടില്ല. കമ്മ്യൂണിസത്തെ പറ്റി പ്രദര്‍ശിപ്പിച്ച വിമര്‍ശനാന്മകത അതിനെ പറ്റി പ്രദര്‍ശിപ്പിച്ചതുമില്ല. വിജയന്‍ ഒരു വലതുപക്ഷ ഹിന്ദു സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചപ്പോള്‍ ഞാന്‍ അതിനെ വിമര്‍ശിച്ചു. ചര്‍ച്ചയില്‍ തര്‍ക്കമുണ്ടാക്കിയ വിഷയം അതായിരുന്നു.

വിജയന്റെ പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ' ആത്മീയത ' യെ എന്റേതായ - വിജയന് മനസ്സിലാകുന്ന - കാരണങ്ങളാല്‍ ഞാന്‍ തിരസ്‌കരിച്ചിട്ടുണ്ട്. ഗുരുസാഗരത്തിന്റെ കയ്യെഴുത്ത് പ്രതി വായിച്ചപ്പോള്‍ തന്നെ ഞാനത് വിജയനോട് പറഞ്ഞു. ആന്തരിക സംഘര്‍ഷങ്ങളിലൂടെ വിജയന്‍ ചെന്നു പെട്ട ഒരു കെണി യായിരുന്നു അത് എന്ന് ഞാന്‍ കരുതുന്നു. യഥാര്‍ത്ഥ ആത്മീയത എന്തെന്ന് അറിയാത്ത ആളല്ല വിജയന്‍.

പിന്നീട് വിജയന്‍ എടുത്ത തീരുമാനങ്ങളുടെ കാരണങ്ങള്‍ വിജയനെ അറിയൂ. വിജയന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് എന്തു നിലപാടുകള്‍ സ്വീകരിക്കുമായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ വിജയനെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി.

Paul Zacharia facebook post on o v vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടി?; ആരോഗ്യവകുപ്പില്‍ പത്തുവര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

അമ്മത്തൊട്ടിലിൽ ഏൽപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താണ് ?

'പയ്യന്നൂരിലും തളിപ്പറമ്പും പരാജയത്തിന് കാരണം സ്ഥാനാർഥി നിർണയത്തിലെ പോരായ്മ, അത് വർഗവഞ്ചന തന്നെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഐ എം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായി, ആശംസകളുമായി സുരേഷ് ഗോപിയും

'മോളിവുഡ് ടൈംസി'ന് വേണ്ടി 6 കിലോ കുറച്ചു; വണ്ണം കൂട്ടാന്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട്: ഗോപിക രമേശ്