കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ആഡംബര കാർ പൂർണ്ണമായും അടിച്ച് തകർത്ത നിലയിൽ കണ്ടെത്തി. കെഎൽ.58 എഎൽ-2059 രജിസ്ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ദുരൂഹമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ മുൻഭാഗം ആയുധങ്ങൾ ഉപയോഗിച്ച് ഇടിച്ചുതകർത്ത നിലയിലും വശങ്ങളിലെ ഡോറുകൾ തുറന്നിട്ട അവസ്ഥയിലുമാണ്. കാറിനകത്ത് ചോരയൊഴുകി കട്ടപിടിച്ച നിലയിൽ കണ്ടെത്തിയത് വലിയൊരു അക്രമം നടന്നിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നത്. കാറിനകത്തുണ്ടായിരുന്ന സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും പരിസരത്തേക്ക് വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ പിലാത്തറയിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇന്ന് രാവിലെ പ്രദേശത്ത് പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരാണ് ആളൊഴിഞ്ഞ പറമ്പിൽ കാർ തകർത്ത നിലയിലും സാധനങ്ങൾ റോഡരികിൽ ചിതറിക്കിടക്കുന്നതായും ആദ്യം കണ്ടത്. തുടർന്ന് പരിസരവാസികൾ ഉടനടി ലോക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ, സ്വർണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായ വ്യാപാരികളാണ് ഈ കാറിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി അറിയിച്ചു. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളോ അതല്ലെങ്കിൽ വ്യാപാരികളെ വഴിയിൽ തടഞ്ഞുനിർത്തി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന അതിർത്തി കടന്നുള്ള കൊള്ളസംഘങ്ങളുടെ ആക്രമണമോ ആകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി കാറിലും പരിസരത്തും വിശദമായ തെളിവെടുപ്പ് ആരംഭിച്ചു. ചോരക്കറയുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ക്രൈം ലാബിലേക്ക് അയച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന യാത്രക്കാരെ അപായപ്പെടുത്തിയ ശേഷം മറ്റേതെങ്കിലും വാഹനത്തിൽ കടത്തിക്കൊണ്ടുപോയതാണോ എന്ന് കണ്ടെത്താൻ സമീപപ്രദേശങ്ങളിലെ സിസിടിവി.ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates