മലപ്പുറം: തന്റെ പെരുമാറ്റം ശരിയാണോയെന്ന് ജനം വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നാട്ടിൽ നടക്കേണ്ട കാര്യം എനിക്കില്ല' എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയോ ഇന്നോ വന്ന് പ്രവര്‍ത്തനം നടത്തിയ ആളല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു. നിങ്ങള്‍ തന്നെ വിലയിരുത്തിക്കോളൂ. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയല്ലെന്ന യുഡിഎഫ് വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
എവിടെയാണ് ഭരണവിരുദ്ധ വികാരമുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതു കാര്യത്തിലാണ് വിരുദ്ധ വികാരമുള്ളത്. കേരളത്തില്‍ 10 വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇന്ന കാര്യങ്ങളില്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാണിക്കൂ. അത്തരം കാര്യമുണ്ടെങ്കില്‍ പറയൂ. അതിനല്ലേ വാര്‍ത്താസമ്മേളനം നടത്തുന്നത്. അത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യരുതെന്നാണ്, ഇവരെല്ലാം ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പിവി അന്‍വര്‍ ഉന്നയിച്ച മരുമോനിസത്തെക്കുറിച്ചുള്ള ചോദ്യത്തിലും മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചു.
എന്തു കാര്യവും പറയുന്ന എല്ലില്ലാത്ത നാക്കുള്ള ആളാണ് അന്‍വര്‍. അതുകേട്ട് അതുപോലെ വര്‍ത്തമാനം പറയാന്‍ നിക്കേണ്ട. അതു നല്ല ഗുണമല്ല. മാധ്യമപ്രവര്‍ത്തനം എന്നത് എന്തെങ്കിലും കേട്ട്, അതുമുഴുവന്‍ സ്വീകരിച്ച് അതിപോലെ തന്നെ വിളമ്പേണ്ടവരല്ല. അല്‍പ്പം ബുദ്ധി ഉപയോഗിക്കണം. അതു നമുക്കെല്ലാവര്‍ക്കുമുണ്ടല്ലോ. എന്നിട്ട് സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം ചോദിക്കാന്‍. അല്ലെങ്കില്‍ അന്‍വര്‍ വന്നിരുന്ന് ചോദിച്ചാല്‍ മതിയല്ലോ?. അന്‍വറിന്റെ പ്രതിപുരുഷന്‍ ആയിട്ട് വന്നിരുന്നു ചോദിക്കേണ്ട ആവശ്യമില്ലല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടല്ല, മറിച്ച് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൽഡിഎഫ് നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ ഇതിന് തെളിവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും അത് കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് വഴി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സർക്കാരിന് സാധിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണ്. വികസനത്തിലൂടെയും ദാരിദ്ര്യനിർമ്മാർജ്ജനത്തിലൂടെയും കേരളം കൈവരിച്ച ആഗോള ശ്രദ്ധ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളും അഭിവൃദ്ധി പ്രാപിച്ചു. കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം തന്നെ ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിക്കുകയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയ വളർച്ച ഉണ്ടാവുകയും ചെയ്തു. രാജ്യത്തെ വികസിച്ചുവരുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളം ഇന്ന് പരിഗണിക്കപ്പെടുന്നു. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതകളിലല്ല, മറിച്ച് നുണകളിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates