തിരുവനന്തപുരം: ധനബില്‍ സര്‍ക്കാര്‍ പാസാക്കിയത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതിയും വാശിയും കാണിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നയമെന്ന തരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ എതിക്കുന്നതിനല്ല മുന്‍തൂക്കം നല്‍കുകയെന്നും ആദ്യഘട്ടത്തില്‍ അതിന്റെ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കുകയാണ് ചെയ്യുകയെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വളരെ കടുത്തതാണെന്ന് പിണറായി പറഞ്ഞു. നമ്മുടെ നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് നയമെന്ന രീതിയില്‍ പ്രഖ്യാപിക്കുന്നത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന യഥാര്‍ഥ മുഖമാണ് നിയമസഭയില്‍ കണ്ടത്. നിയമസഭയ്ക്ക് നിയമസഭയുടെതായ നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ധനകാര്യബില്‍ സഭയില്‍ പാസാക്കിയത്. പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂള്‍ നിയമസഭയില്‍ വന്നപ്പോള്‍ അതില്‍ ധനകാര്യ ബില്‍ ഉണ്ടായിരുന്നില്ലെന്ന് പിണറായി പറഞ്ഞു
ബജറ്റ് അവതരണത്തിന് ശേഷം സഭാ സമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യക്കമ്പനിക്കുള്ള നികൂതി ഇളവിന് സാധൂകരണം ചെയ്യാന്‍ വളരെ തിടുക്കപ്പെട്ട് ധനകാര്യ ബില്‍ അജണ്ടയില്‍ തിരുകി കയറ്റുന്നത്. സഭാ നടപടികളോട് നല്ല രീതിയില്‍ സഹകരിക്കുകയെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഒന്നിന് പുറകെ ഒന്നായി തെറ്റായ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതാണ് കണ്ടത്. അത് ഏറ്റവും കൂടുതല്‍ പ്രകടമായത് സഭ അവസാനിച്ച ദിവസമാണ്. ധനകാര്യബില്‍ ധൃതിപിടിച്ച് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. തികച്ചും നിക്ഷിപ്തതാത്പര്യത്തിന്റെ അടിസ്ഥാനാത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ധനകാര്യ ബില്‍ പാസാക്കിയത്.
ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒളിച്ചുകടത്തലാണ് ഉണ്ടായത്. ചില മദ്യക്കമ്പനികളെ സഹായിക്കലായിരുന്നു ഇതിന്റെ പിന്നിലുളള ഗൂഡ ലക്ഷ്യം സബ്ജക്ട് കമ്മറ്റിയുടെ പരിശോധന കഴിഞ്ഞ് മാത്രമാണ് സാധാരണനിലയില്‍ നികുതി നിര്‍ദേശങ്ങളുള്ള ധനകാര്യ ബില്‍ പാസാക്കുക. ഇത്തരമൊരു ബില്‍ പാസാക്കാന്‍ അനാവശ്യമായ ധൃതിയും വാശിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രിയാണ് നിര്‍ബന്ധബുദ്ധി കാണിച്ചത്. വലിയ കടുംപിടിത്തമാണ് ഉണ്ടായത്. ഏത് മാര്‍ഗത്തിലൂടെയും മദ്യക്കമ്പനികള്‍ക്ക് നികകുതി ഇളവ് നല്‍കണമെന്ന വാശിയാണ് അദ്ദേഹത്തിന് ഉണ്ടായത്. നികുതി ഇളവോട് കൂടി വരാന്‍ പോകുന്ന കാര്യം സമൂഹത്തിലാകെ മദ്യവ്യാപനത്തിന് കാരണമാകുമെന്നും പിണറായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates