തിരുവനന്തപുരം: ബസ് റൂട്ട് വിഷയത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് ഓടാതിരിക്കുക എന്ന മന്ത്രിയുടെ പ്രസ്താവന നയമായി കരുതപ്പെടും. അങ്ങനെ വന്നാല്‍ അത് വളരെ പ്രയാസമുണ്ടാക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന മന്ത്രിയുടെ വാദം ശരിയാണ്. അതു നല്ലതുമാണ്. പക്ഷെ സാധാരണഗതിയില്‍ ഇന്ന് കേരളത്തില്‍ ധാരാളം പ്രൈവറ്റ് ബസുകള്‍ ഓടുത്ത റോഡിലും ധാരാളം കെഎസ്ആര്‍ടിസി ബസുകളും ഓടുന്നുണ്ട്. അവിടെ നിന്നെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുക എന്ന നയം സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആ തരത്തിലേക്ക് പോകുന്നത് വളരെ വിഷമമായി മാറും. അതുകൊണ്ടാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊട്ടു പിന്നാലെ മുന്‍ പ്രസ്താവനയില്‍ തിരുത്തുമായി മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തി. പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്തു നിന്നും മാറുന്ന പ്രശ്‌നമേയില്ല. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തെല്ലാം കെഎസ്ആര്‍ടിസിയും ഓടുന്നുണ്ട്. തീരെ വണ്ടിയില്ലാത്ത ഇടങ്ങളില്‍ ഓടിച്ചപ്പോള്‍ കളക്ഷന്‍ കിട്ടിയ കാര്യമാണ് പറഞ്ഞത്. പ്രൈവറ്റ് ബസുകളുമായി മത്സരിച്ച് കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതനര്‍ത്ഥം എല്ലാ സ്ഥലത്തും മാറി കൊടുക്കുമെന്ന് അല്ലായെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
അങ്ങനെ എല്ലാ സ്ഥലത്തും മാറികൊടുക്കുന്ന പ്രശ്‌നമില്ല. പ്രൈവറ്റ് ബസുകളുടെ കുത്തക തകര്‍ത്തുകൊണ്ടാണ് കെഎസ്ആര്‍ടിസി മുന്നേറുന്നത്. ബാംഗ്ലൂരിലേക്ക് പോകുന്ന ബസുകളിലൊക്കെ പ്രൈവറ്റ് ബസുകളില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നുണ്ട്. ആ മത്സരത്തില്‍ നല്ല വണ്ടികള്‍ വാങ്ങിച്ച് കെഎസ്ആര്‍ടിസി മുന്നിലുണ്ട്. ദീര്‍ഘദൂര സര്‍വീസിലെല്ലാം കെഎസ്ആര്‍ടിസി മുന്നിലാണ്. ഉള്‍പ്രദേശങ്ങളിലും മലയോരമേഖലകളിലും ചെറിയ ബസുകള്‍ വാങ്ങി ഓടിക്കുന്നുണ്ട്. ഒരു കാരണവശാലും പ്രൈവറ്റ് ബസിന് അടുത്ത് കെഎസ്ആര്‍ടിസി മാറികൊടുക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതു മാറില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
മന്ത്രി ഗണേഷ് കുമാര്‍ മുമ്പ് നിയമസഭയില്‍ പ്രസ്താവിച്ചത് ഇങ്ങനെ: കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ഓടാന്‍ കാരണം പ്രൈവറ്റ് ബസിന് മുന്നില്‍ കയറി ഓടുന്ന സ്വഭാവമാണ്. പ്രൈവറ്റ് ബസുകാര്‍ പുതിയ വണ്ടികളാണ്. അവര്‍ മത്സരിച്ച് ഓടാന്‍ തയ്യാറാണ്. പക്ഷെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മത്സരിച്ച് ഓടാന്‍ തയ്യാറല്ല. മത്സരിച്ച് ഓടിയാല്‍ അപകടമുണ്ടാകും. അതുകൊണ്ടു തന്നെ ഞാന്‍ മന്ത്രിയായശേഷം ആദ്യമെടുത്ത തീരുമാനം പ്രൈവറ്റ് ബസിന് തലയ്ക്കല്‍ ഓടുന്ന പരിപാടി നിര്‍ത്താം എന്നാണ്. അത് ഒരു ബിസിനസാണ്. അവര്‍ ടാക്‌സ് അടയ്ക്കുന്നവരാണ്. അവര്‍ അതു നടത്തട്ടെ. സര്‍ക്കാരിന് എക്‌സ്‌ക്ലൂസീവ് ആയ സ്ഥലങ്ങളില്‍, ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരും താമസിക്കുന്ന മലയോരമേഖലകളില്‍ പുതിയ ചെറിയ ബസു വാങ്ങി ഓടിക്കാം. ഇങ്ങനെ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ കളക്ഷന്‍ വര്‍ധിച്ചു. അനാവശ്യമായ മത്സരത്തിന് പോകേണ്ടെന്ന തീരുമാനമാണ് കളക്ഷന്‍ വര്‍ധിക്കാന്‍ കാരണമായത്. പ്രൈവറ്റ് ബസുകാര്‍ പൈസയുണ്ടാക്കുന്നു. അവര്‍ ടാക്‌സ് അടയ്ക്കുന്നു. അവര്‍ ജീവിക്കുന്നു. കെഎസ്ആര്‍ടിസി ഒരു വശത്തുകൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസോ ഒന്നും പോകാത്ത റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി ഷിഫ്റ്റ് ചെയ്തപ്പോള്‍, ലോക്കല്‍ ബസുകളില്‍ നല്ല കളക്ഷന്‍ ലഭിച്ചു. ഗതാഗതമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates