തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 444707 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 2025 മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്.
ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കുക. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം വർധനയുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച താത്കാലിക ബാച്ചുകൾ തുടരുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates