തിരുവനന്തപുരം: പൊലീസ് നൽകുന്ന വിവിധ സേവനങ്ങൾക്കായി ഓൺലൈൻ വഴി അപേക്ഷിക്കാനുളള ‘തുണ പോർട്ടലി’ൽ മൂന്നു സൗകര്യങ്ങൾ കൂടി അധികമായി ഏർപ്പെടുത്തി. നഷ്ടപ്പെടുന്ന സാധനങ്ങൾ തിരികെ ലഭിക്കാനുള്ള സംവിധാനം അടക്കമുള്ള മൂന്ന് സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ഉദ്ഘാടനം ഡിജിപി അനിൽ കാന്ത് നിർവഹിച്ചു.
നഷ്ടപ്പെട്ട വസ്തുക്കൾ സംബന്ധിച്ച പരാതികൾ അന്വേഷണത്തിനു കൈമാറുക, കണ്ടുകിട്ടിയാൽ മടക്കിനൽകുക, പരാതി പിൻവലിച്ചാൽ നടപടികൾ അവസാനിപ്പിക്കുക, കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതു വ്യക്തമാക്കി സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയ സേവനങ്ങളാണ് ‘തുണ’യിൽ ഉൾപ്പെടുത്തിയത്.ജാഥകൾ, സമരങ്ങൾ എന്നിവ നടത്തുന്ന സംഘടനകൾക്ക് അക്കാര്യം ജില്ലാ പൊലീസിനെയും സ്പെഷ്യൽ ബ്രാഞ്ചിനെയും തുണ പോർട്ടൽ വഴി അറിയിക്കാം. സ്റ്റേഷനിൽനിന്ന് അപേക്ഷകനെ ബന്ധപ്പെട്ട് അനുമതി നോട്ടീസ് കൈമാറും.
മോട്ടർവാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ പണമടച്ച് വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്ക് അവസരം നൽകുന്ന സംവിധാനവും പോർട്ടലിൽ നിലവിൽ വന്നു. ചികിത്സ, അപകടത്തിലെ മുറിവ്, വാഹന രജിസ്ട്രേഷൻ തുടങ്ങി 13 തരം സർട്ടിഫിക്കറ്റുകളാണ് ഓരോ രേഖയ്ക്കും 100 രൂപ വാങ്ങി ഇൻഷുറൻസ് കമ്പനികൾക്കു ലഭ്യമാക്കുക.
ആക്സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, പരാതി നൽകൽ, ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന് അപേക്ഷ എന്നീ സൗകര്യങ്ങൾ ‘തുണ’യിൽ നിലവിലുണ്ട്. അപേക്ഷയുടെ സ്ഥിതി പോർട്ടലിലൂടെയും എസ്എംഎസ് ആയും അറിയാൻ കഴിയും. എഫ്ഐആർ കോപ്പി ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates