police saves doctor from fraud കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

നരേഷ് ഗോയലിന്റെ '966 കോടി രൂപ അക്കൗണ്ടില്‍', രക്ഷിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ഡോക്ടര്‍ കയറ്റിയില്ല; വെര്‍ച്വല്‍ അറസ്റ്റിനെതിരെ പൊലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പ്രമുഖ വ്യവസായി നരേഷ് ഗോയലിന്റെ തട്ടിപ്പുകേസ് അടക്കമുള്ളവ പറഞ്ഞ് ഭീഷണിപ്പെടുത്തി 'വിര്‍ച്വല്‍ അറസ്റ്റ്' എന്ന കെണിയില്‍ കുടുക്കിയ ഡോക്ടറെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കൊട്ടാരക്കര പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പ്രമുഖ വ്യവസായി നരേഷ് ഗോയലിന്റെ തട്ടിപ്പുകേസ് അടക്കമുള്ളവ പറഞ്ഞ് ഭീഷണിപ്പെടുത്തി 'വെര്‍ച്വല്‍ അറസ്റ്റ്' എന്ന കെണിയില്‍ കുടുക്കിയ ഡോക്ടറെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കൊട്ടാരക്കര പൊലീസ്. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട സൈബര്‍ തട്ടിപ്പുകാര്‍ ഡോക്ടറെ രണ്ട് ദിവസത്തോളമാണ് സ്വന്തം വീട്ടില്‍ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത്.

കൊട്ടാരക്കരയിലെ ഒരു ഡോക്ടര്‍ സൈബര്‍ തട്ടിപ്പിന് ഇരയായി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആദ്യം വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ അനുവദിച്ചിരുന്നില്ല. ഈ സമയം അദ്ദേഹം തട്ടിപ്പുകാരുമായി വിഡിയോ കോളിലായിരുന്നു. ഡോക്ടറെ വസ്തുതകള്‍ പറഞ്ഞ് മനസ്സിലാക്കിയ പൊലീസിനോട് അദ്ദേഹം നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി.

മുംബൈയിലെ സിബിഐ ഓഫീസില്‍ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഡോക്ടറുമായി സംസാരിച്ചിരുന്നത്. മുന്‍ ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാനും തട്ടിപ്പ് കേസില്‍ ജയിലിലുമായ നരേഷ് ഗോയല്‍ തട്ടിപ്പിന് ഉപയോഗിച്ച 966 കോടി രൂപ ഡോക്ടറുടെ മുംബൈയിലെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നും ഇതിന്റെ പേരില്‍ ഡോക്ടറെ 'വിര്‍ച്വല്‍ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നുമാണ് തട്ടിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. സിബിഐയുടെ കസ്റ്റഡിയിലാണെന്നും വീടും പരിസരവും നിരീക്ഷണത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ച് ഡോക്ടറെ രണ്ട് ദിവസത്തോളം വീട്ടുതടങ്കലിലാക്കി.

ഇതൊരു സൈബര്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം, അടുത്തിടെ ഇത്തരത്തില്‍ നടന്ന സൈബര്‍ തട്ടിപ്പിനെ പറ്റി ഡോക്ടറെ പറഞ്ഞ് മനസിലാക്കി. ഇതോടെ താന്‍ തട്ടിപ്പിന് ഇരയായതാണെന്ന് ഡോക്ടര്‍ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടു. തട്ടിപ്പ് സംഘം വിളിക്കുമെന്ന് അറിയിച്ചിരുന്ന ദിവസം, രാവിലെ 10.00 മണിക്ക് വീണ്ടും വീഡിയോ കോള്‍ ചെയ്തു. ഈ കോള്‍ എടുത്ത പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ തട്ടിപ്പ് സംഘം ഉടന്‍ തന്നെ കോള്‍ ഡിസ്‌കണക്റ്റ് ചെയ്തു. ഇതോടെ സൈബര്‍ തട്ടിപ്പിന്റെ വ്യാപ്തി ഡോക്ടര്‍ക്ക് പൂര്‍ണ്ണമായി മനസിലാവുകയും മനോനില വീണ്ടെടുക്കുകയും ചെയ്തു.

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിച്ചതിന് പൊലീസിന് നന്ദി അറിയിച്ച ഡോക്ടര്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഐഎസ്എച്ച്ഒ ജയകൃഷ്ണന്‍ എസിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐമാരായ പങ്കജ് കൃഷ്ണ വി, ആതിര എന്‍ ആര്‍ , സിപിഒ ക്ലിന്റ് എ എം എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ സൈബര്‍ തട്ടിപ്പില്‍ നിന്നും രക്ഷിച്ചത്.

Police's surgical strike against virtual arrest saves doctor from fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

ഡല്‍ഹി സ്‌ഫോടനം: അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍

ലഗേജുമായി അലയേണ്ട, വീട്ടിലിരുന്നു ചെക്ക്-ഇൻ ചെയ്യാം; പുതിയ സംവിധാനവുമായി ഷാർജ

ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 320 രൂപ, 92,000ന് മുകളില്‍ തന്നെ

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം; ബംഗളൂരുവില്‍ വലഞ്ഞ് മലയാളി യാത്രക്കാര്‍

SCROLL FOR NEXT