തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. കേരളത്തില്‍ വോട്ടെടുപ്പിന് ഏതു തീയതി പ്രഖ്യാപിച്ചാലും, നടത്താന്‍ സംസ്ഥാനത്തെ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞതായി രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകീട്ട് നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates