പിആര്‍ ശ്രീജേഷ് എക്‌സ്പ്രസ് ഫയല്‍
Kerala

17 വേദികള്‍; 24000 കുട്ടികള്‍ മത്സരിക്കും; പിആര്‍ ശ്രീജേഷ് സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍

രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഹോക്കി താരം പിആര്‍ ശ്രീജേഷ് ആയിരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11 ന് വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കും.

നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദിയില്‍ മാറ്റം. പുതുക്കിയ തീരുമാനമനുസരിച്ചു മഹാരാജാസ് കോളജ് ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. നേരത്തെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും.

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും. ഈ മെഡല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പിന് കൈമാറിയതായി മന്ത്രി അറിയിച്ചു. കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകള്‍ കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും. പരിപാടിയുടെ പൂര്‍ണമായ വിജയത്തിനു മാധ്യമങ്ങളുടെ എല്ലാ പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു.

മാധ്യമങ്ങള്‍ക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉള്‍പ്പെട്ട മീഡിയ സമിതിക്കും രൂപം നല്‍കി. യോഗത്തില്‍ വിവിധ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി ജെ വിനോദ് എംഎല്‍എ മീഡിയ റൂം സംബന്ധിച്ചകാര്യങ്ങള്‍ വിശദീകരിച്ചു. പ്രധാന വേദിയായ മഹാരാജാസ് കോളേജില്‍ ആയിരിക്കും മീഡിയ റൂം പ്രവര്‍ത്തിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കു ഇവിടെ ഇരുന്നു വാര്‍ത്തകള്‍ നല്‍കാന്‍ വൈഫൈ ഉള്‍പ്പെടെ സൗകര്യം ഒരുക്കും. മത്സരം നടക്കുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് നെറ്റ്വര്‍ക്ക് സംവിധാനവും ഉണ്ടാകും. കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധി നവാസ് ബീരാന്‍ എന്നിവരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

വിജയികള്‍ക്കു കിരീടങ്ങള്‍ നിര്‍മിച്ചു മൂത്തേടത്ത് സ്‌കൂള്‍

സ്‌കൂള്‍ കായികമേളയില്‍ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും, വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഈ കിരീടം നിര്‍മിച്ചത്. ഗ്രീസിലെ ഏഥന്‍സില്‍ ആദ്യമായി ഒളിമ്പിക്സ് ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ സമ്മാനമായി നല്‍കിയ ഒലിവ് ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് സ്‌കൂള്‍ ഒളിമ്പിക്സ് വിജയികള്‍ക്കും അത് സമ്മാനിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററിലാണ് കിരീടങ്ങള്‍ നിര്‍മിച്ചത്. സംസ്ഥാനത്ത് 250 ഓളം സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററുകളുണ്ട്. അത്തരത്തിലൊന്നാണ് മൂത്തേടത്ത് സ്‌കൂളിലുമുള്ളത്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ സെന്ററുകള്‍ക്കുളളത്.

മൂത്തേടത്ത് സ്‌കൂളിലെ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെട്ട ആശയമായിരുന്നു കിരീടം. അങ്ങിനെ കുട്ടികള്‍ അധ്യാപകരുടെ പിന്തുണയോടെ ആവേശപൂര്‍വം കിരീട നിര്‍മാണം ഏറ്റെടുത്തു. 5700 കിരീടങ്ങളാണു മേളയ്ക്കായി രണ്ടാഴ്ചക്കുള്ളില്‍ നിര്‍മിച്ചത്. വെല്‍വെറ്റ് ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ തുണിയിലാണ് കിരീടം നിര്‍മിച്ചത്. കിരീട നിര്‍മാണത്തെ സഹായിക്കാന്‍ മാനേജ്മെന്റ് മൂന്നര ലക്ഷത്തോളം രൂപ മുടക്കി ഒരു യന്ത്രം തന്നെ വാങ്ങി. പ്രൊഡക്ഷന്‍ സെന്ററിന് സര്‍ക്കാര്‍ സഹായമായി 6.27 ലക്ഷമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 5 ലക്ഷം രൂപ പ്രാരംഭമായി ലഭിച്ചിരുന്നു.

ഇങ്ങനെ നിര്‍മിച്ച കിരീടം ഇന്നലെ കടവന്ത്ര സ്റ്റേഡിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ഔപചാരികമായി കൈമാറി. സ്‌കൂളില്‍ നിന്ന് പ്രവര്‍ത്തി പരിചയ വിഭാഗം അധ്യാപിക പി വി വര്‍ഷയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ എട്ട്, ഒമ്പത് ക്ലാസുകാരായ 12 കുട്ടികളാണു കിരീടം കൈമാറാന്‍ എത്തിയത്. കുട്ടികളുടെയും അധ്യാപകരുടെയും അര്‍പ്പണ മനോഭാവത്തെ മന്ത്രി അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT