തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന രോഗി മരിച്ചതില്‍ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ചികിത്സാവീഴ്ചയാണ് ചവറ പന്മന മനയില്‍ പൂജാ ഭവനില്‍ കെ വേണുവിന്റെ മരണത്തിനു കാരണമെന്ന കുടുംബത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. വേണുവിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും, കേസ് ഷീറ്റില്‍ അപാകതകളില്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ചികിത്സാ വീഴ്ചയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും മൊഴി നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് നാളെ ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ഡിഎംഇയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കുക. അതേസമയം അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ വേണു ഉന്നയിക്കുന്നത്.
ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവറായ വേണു അഞ്ചാം ദിവസമാണ് മരിക്കുന്നത്. ആശുപത്രിയിൽ വേണുവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. നവംബർ ഒന്നാം തീയതി രാത്രി 7.47ന് എത്തിയ വേണുവിനെ മെഡിക്കൽ വാർഡിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ കട്ടിൽ അനുവദിച്ചെങ്കിലും മൂന്നാം ദിവസം കാർഡിയോളജി വാർഡിലേക്കു മാറ്റിയപ്പോൾ മുതൽ നിലത്തു കിടക്കുകയായിരുന്നു. ഇവിടെ മൂന്നു ദിവസം ഒരു പരിശോധനയും നടത്തിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates