കോഴിക്കോട്: കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ പെട്ടാണ് മറ്റു രണ്ട് പേര്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ക്ഷേത്രത്തിന് സമീപം പ്രത്യേകം ഒരുക്കിയ പന്തലില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം അവരവരുടെ വീടുകളില്‍ സംസ്ക്കരിച്ചു.
ക്ഷേത്രത്തിന്‍റെ വലതുവശത്തുള്ള കെട്ടിടത്തിന് സമീപത്തായിരുന്നു ലീലയും അമ്മു അമ്മയും ഇരുന്നിരുന്നത്. ആനകൾ ഇടഞ്ഞതോടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ലീല ആനകളുടെ ഇടയിലേക്ക് വീഴുകയായിരുന്നു. തൊട്ടു പിന്നാലെ ആന ലീലയുടെ പുറത്തുചവിട്ടി. നട്ടെല്ലടക്കം തകര്‍ന്ന ലീല തല്‍ക്ഷണം മരിച്ചു. ഏത് ആനയാണ് ചവിട്ടിയതെന്ന് വ്യക്തമല്ല. അമ്മു അമ്മയും രാജുവും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ ദേഹത്ത് പതിച്ചാണ് മരിക്കുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വരും.
അതിനിടെ ക്ഷേത്രകമ്മറ്റി നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വനംമന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി പറഞ്ഞു. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും എഡിഎമ്മിന്‍റെയും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു വനംമന്ത്രിയുടെ പ്രതികരണം.
ആനയിടയാന്‍ കാരണം തുടര്‍ച്ചയായ പടക്കം പൊട്ടിക്കലിനിടെ കതീന കൂടി പൊട്ടിച്ചതാണെന്നാണ് നിഗമനം. കതിന പൊട്ടിയതിന് പിന്നാലെയാണ് പീതാംബരന്‍ എന്ന ആന ഗോകുലിനെ കുത്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. എന്നാല്‍ ചട്ടലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രകമ്മറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates