കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമ്മ സോണിയാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വയനാട്ടിലെത്തും.
രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ അണി നിരക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കു മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചരണത്തിനായി നിരവധി പ്രവര്‍ത്തകര്‍ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.
രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ 3 ദിവസം മാത്രമാണുണ്ടായിരുന്നത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ സോണിയ എത്തിയിരുന്നില്ല. എട്ടര വര്‍ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates