പ്രിയങ്കാ​ഗാന്ധി  ഫയൽ
Kerala

തെരഞ്ഞെടുപ്പിൽ പ്രിയങ്ക നയിക്കും, പ്രചാരണത്തിന് സ്വന്തം സംഘം; അപ്രതീക്ഷിത സ്ഥാനാർത്ഥികൾ വന്നേക്കും

പ്രത്യേക കമ്മിറ്റിയാകും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല പ്രിയങ്കാ ഗാന്ധി എംപി ഏറ്റെടുക്കും. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രിയങ്കാഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് ഹൈക്കമാന്‍ഡ് നോക്കി കാണുന്നത്. വീണ്ടും തോല്‍വി വഴങ്ങുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

എന്നാല്‍ നിര്‍ണായക തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയും ഉള്‍പ്പോരും ദേശീയനേതൃത്വത്തെ ഏറെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വയനാട് എംപി പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിക്കാന്‍ ആലോചനയുയര്‍ന്നത്. പ്രചാരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഈ കമ്മിറ്റിയാകും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞമാസം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ ദിപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു. കേരള നേതാക്കളായ കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരെല്ലാം വിരുദ്ധ ധ്രുവങ്ങളില്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രമല്ല, മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കും. യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നും മുന്നണി ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

കൂടാതെ, കോണ്‍ഗ്രസ് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച സുനില്‍ കനഗോലു, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ഇടതുപക്ഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്ന ലക്ഷ്യത്തോടെ പ്രിയങ്കാഗാന്ധിയെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരരംഗത്തിറക്കിനാണ് ആലോചന. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, മുന്‍മന്ത്രി എന്‍ ശക്തന്‍ തുടങ്ങിയവരെ രംഗത്തിറക്കാനാണ് ആലോചന. തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളിയെ കളത്തിലിറക്കുമെന്ന് ജില്ലയില്‍ കോണ്‍ഗ്രസിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ ജില്ലയില്‍ വി എം സുധീരന്‍, തിരുവനന്തപുരത്ത് എന്‍ ശക്തന്‍, കെ മുരളീധരന്‍ തുടങ്ങിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. ശക്തന്‍ വീണ്ടും മത്സരിച്ചാല്‍ കഴിഞ്ഞ തവണ നഷ്ടമായ നാടാര്‍ വോട്ടുകള്‍ തിരിച്ചുപിടിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍. സീനിയര്‍ നേതാക്കള്‍ക്ക് പുറമെ, പൊതുസമ്മരായ പ്രമുഖരെയും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

'നിഷ്‌കളങ്ക മനസുള്ളയാള്‍, കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്തു

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

SCROLL FOR NEXT