ഫയൽ ചിത്രം 
Kerala

പദ്ധതി വന്‍ വിജയം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള റോഡു നിര്‍മ്മാണം സംസ്ഥാന വ്യാപകമാക്കാന്‍ പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് സര്‍ക്കാര്‍ ഹരിത കര്‍മ്മ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനപാതകള്‍ ടാര്‍ ചെയ്യാനുള്ള ശ്രമം വിജയകരമായതോടെ, പദ്ധതി സംസ്ഥാനത്തെ എല്ലാ റോഡുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തില്‍ പൊതുമരാമത്ത് വകുപ്പ്. ഫുഡ് സ്‌റ്റോറേജ് കണ്ടെയ്‌നറുകള്‍, ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍, കുപ്പിയുടെ അടപ്പുകള്‍ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെയാണ് ശേഖരിച്ചത്. 

2017 മുതലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ക്ലീന്‍ കേരളയുടെ കണക്കുകള്‍ പ്രകാരം, 2023 നവംബര്‍ വരെ 1,579.59 മെട്രിക് ടണ്‍ പൊടിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് റോഡ് ടാര്‍ ചെയ്യാനായി ഉപയോഗിച്ചത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് സര്‍ക്കാര്‍ ഹരിത കര്‍മ്മ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ബ്ലോക്ക്, വില്ലേജ്, പഞ്ചായത്ത് തലങ്ങളില്‍, വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും വേര്‍തിരിക്കാനുമുള്ള ചുമതലയാണ് നല്‍കിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം ശരാശരി 1,000 ടണ്‍ തരം തിരിച്ച് പുനരുപയോഗം ചെയ്യാവുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ക്ലീന്‍ കേരള മാനേജിംഗ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാര്‍ പറഞ്ഞു.

ഇതിനു പുറമേ, 200 ടണ്‍ സംസ്‌കരിക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച പ്രകാരം ഇവ പരമാവധി 2 മുതല്‍ 2.55 മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള ബിറ്റുകളായി കീറുന്നു. ഇതിനായി പ്രത്യേകം ഷ്രെഡിംഗ് മെഷീനുണ്ട്. പൊടിച്ച പ്ലാസ്റ്റിക് പിന്നീട് കിലോഗ്രാമിന് 16 മുതല്‍ 20 രൂപ വരെ പിഡബ്ല്യുഡിക്ക് വില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം ചെലവ് കുറഞ്ഞതാണെന്നും റോഡുകളെ വളരെ മോടിയുള്ളതാക്കുമെന്നും പൊതു മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബിറ്റുമെനുമായി പൊടിച്ച പ്ലാസ്റ്റിക് കലര്‍ത്തുന്ന പുതിയ രീതി കാരണം റോഡ് വിള്ളലുകളും കേടുപാടുകളും കുറവാണ്. 

സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉള്‍പ്പെടെ 15,000 കിലോമീറ്ററിലധികം റോഡുകളില്‍ ഞങ്ങള്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ശേഷിക്കുന്ന റോഡുകളില്‍ ഞങ്ങള്‍ ഇത് ഉപയോഗിക്കും, ഇതിനകം പണി പൂര്‍ത്തിയായ റോഡുകള്‍ പുനര്‍നിര്‍മിക്കാനും ഈ പദ്ധതി തന്നെ ഉപയോഗിക്കുമെന്നും ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍ പറഞ്ഞു.

ഗ്ലാസ്, തുണി, ഇ-മാലിന്യം, ഡ്രഗ് സ്ട്രിപ്പുകള്‍, ടയര്‍, ഷൂസ് തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും ക്ലീന്‍ കേരള കമ്പനി ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്. മാലിന്യ ശേഖരണത്തിലും വേര്‍തിരിക്കലിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പിന്തുണാ സംവിധാനമായി കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സംസ്ഥാനത്തെ 800ലധികം തദ്ദേശസ്ഥാപനങ്ങള്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

മേയ് മാസത്തില്‍ കമ്പനി 5,355.08 ടണ്‍ മാലിന്യം ശേഖരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 3,728.74 ടണ്‍ ആയിരുന്നു. വേര്‍തിരിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് 60 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം മേയില്‍ കമ്പനി ഹരിത കര്‍മ്മ സേനയ്ക്ക് 63.55 ലക്ഷം രൂപയാണ് നല്‍കിയത്. ഇതില്‍ ഏപ്രിലിലെ  തുക തന്നെ 57.02 ലക്ഷം രൂപ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT