pv anvar ഫെയ്സ്ബുക്ക്
Kerala

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തുലാസില്‍, വാതില്‍ തുറക്കില്ല?; സതീശന്റെ നിലപാടിന് മുന്നണിയില്‍ പിന്തുണയേറുന്നു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുന്നു. അന്‍വറിനോടുള്ള നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെ നിലപാടിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്‌തേക്കും. അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളുടെയും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ച മതിയെന്നാണ് ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് പറഞ്ഞതെല്ലാം തിരുത്തി നിരുപാധികം കീഴടങ്ങി അന്‍വര്‍ വന്നാല്‍ മാത്രമേ, യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് മുന്നണിയ്ക്കകത്തെ പൊതുവികാരം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. കൂടാതെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേരെ തെരഞ്ഞെടുപ്പ് വേളയില്‍ കടുത്ത വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് അന്‍വറിനെ അനുകൂലിച്ചിരുന്ന നേതാക്കള്‍ പോലും കൈവിടുന്ന നിലപാടിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പിവി അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. അന്‍വറിന് മുന്നില്‍ വാതില്‍ അടയ്ക്കാന്‍ തീരുമാനിച്ചത് യുഡിഎഫാണ്. അതിനപ്പുറം തനിക്കൊന്നും പറയാനില്ല. താല്‍ക്കാലിക ലാഭത്തിനു വേണ്ടി എപ്പോഴെങ്കിലും വഴങ്ങിക്കൊടുത്താല്‍ പിന്നെ എപ്പോഴും വഴങ്ങി കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന്റെ ടീം വര്‍ക്കാണ് വിജയം കണ്ടത്. ഒരു മുന്നണിയായല്ല, ഒറ്റ പാര്‍ട്ടി പോലെയാണ് പ്രവര്‍ത്തിച്ചത്. മുസ്ലിം ലീഗ് നേതാക്കളെല്ലാം വളരെ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. മുന്നണി രാഷ്ട്രീയത്തിലെ പുതിയ സംഭവമാണ് നിലമ്പൂരില്‍ കണ്ടത്. മുന്നണിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം നിലമ്പൂരില്‍ സജീവമായിരുന്നു. ഇതോടൊപ്പം യുവനേതാക്കളടങ്ങുന്ന യുഡിഎഫിന്റെ പുതിയ മുഖത്തെയും രംഗത്തിറക്കി. ഇത് മണ്ഡലത്തിലെ ചെറുപ്പക്കാരെ നല്ല തോതില്‍ സ്വാധീനിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

PV Anvar's chances of joining UDF are fading. Opposition leader VD Satheesan does not soften his stance towards Anvar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT