കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം.
ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും. നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിങിനാണ് ഇരയായത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 12ാം തീയതിയാണ് നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിങ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates