കെ സുധാകരൻ  ഫെയ്സ്ബുക്ക്
Kerala

'സുധാകരന് പകരം പോന്നവരല്ല അവര്‍'; കെപിസിസി അധ്യക്ഷ തര്‍ക്കത്തില്‍ ഇടപെട്ട് രാഹുല്‍; വിയോജിപ്പ് അറിയിച്ച് നേതാക്കള്‍

നിലവിലെ പ്രതിസന്ധിയില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടി

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും രാഹുല്‍ഗാന്ധി അഭിപ്രായങ്ങള്‍ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടല്‍.

ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കെ സുധാകരന്‍ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമായാ വി എം സുധാരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരുമായാണ് രാഹുല്‍ സംസാരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം എന്താണെന്ന് രാഹുല്‍ ചോദിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവിലെ പ്രതിസന്ധിയില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടി. ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരെക്കുറിച്ചുള്ള അഭിപ്രായവും, പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും തേടിയതായി മുന്‍ കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാന ഘടകത്തിലെ സ്ഥിതി വഷളായതായി നിഗമനത്തിലെത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി ഇടപെട്ടതെന്ന് നേതാവ് പറഞ്ഞു. പ്രിയങ്കാഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനാല്‍, കേരളത്തിലെ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് പ്രധാനമാണ്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിക്കും ഗാന്ധി കുടുംബത്തിനും ദുരന്തമായിരിക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന് പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ കാര്യത്തില്‍ ഭൂരിപക്ഷം നേതാക്കളും വിയോജിപ്പ് അറിയിച്ചതായാണ് സൂചന. സുധാകരന് പകരക്കാരാന്‍ കഴിയുന്നവരല്ല ഇവരെന്നാണ് നേതാക്കള്‍ രാഹുലിനോട് പറഞ്ഞതെന്നാണ് വിവരം. അതേസമയം ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഇരുനേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വേണ്ടത്ര സ്വീകാര്യതയോ ജനസ്വാധീനമോ ഇല്ല, അനുഭവസമ്പത്തിന്റെ കുറവുണ്ട്. ഇതെല്ലാം മൂലം അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ നയിക്കാനാകുമോയെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സംശയം അറിയിച്ചു. മാത്രമല്ല, ഇവരില്‍ ആരെയെങ്കിലും പ്രസിഡന്റ് ആക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്.

തന്റെ സ്വന്തം സംസ്ഥാനത്തെ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കാത്തതില്‍, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് രാഹുല്‍ വിഷയത്തില്‍ ഇടപെട്ടത്. സുധാകരന്റെ അഭിപ്രായവ്യത്യാസവും തുറന്ന പ്രസ്താവനകളും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും എല്‍ഡിഎഫിനും ബിജെപിക്കും രാഷ്ട്രീയ മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വം വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT