തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മൂന്ന് തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.
പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ്വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയടങ്ങുന്നതാണ് തെളിവുകള്‍. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ സമര്‍പ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്.അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates