അടൂർ: കോവിഡ് കാലത്തെ പ്രണയം പ്രായാതിർത്തികൾ ഭേദിച്ച് കതിർമണ്ഡപത്തിൽ എത്തി നിൽക്കുകയാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജനും (58) അടൂർ മണ്ണടി സ്വദേശി സരസ്വതിയുമാണ് (65) വധൂവരന്മാർ. ശരണാലയത്തിലെ അന്തേവാസികളായ ഇരുവരും പ്രണയദിനമായ നാളെ വിവാഹിതരാകും.
ശബരിമല സീസണിൽ പമ്പയിലും പരിസരത്തുമുള്ള കടകളിൽ പാചകം ചെയ്തുവരികയായിരുന്നു രാജൻ. സഹോദരിമാർക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജൻ ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ലോക്ക്ഡൗണായതോടെ രാജനുൾപ്പെടെ ആറുപേരെ പമ്പ പൊലീസ് താൽക്കാലിക സംരക്ഷണത്തിനായി അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ വയോജന സംരക്ഷണവും പാചകവും രാജൻ സ്വയം ഏറ്റെടുത്തു.
2018 ഫെബ്രുവരി മുതൽ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കൾ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതുപ്രവർത്തകരും പൊലീസും ചേർന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്.
തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗൺ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന വിവരം ഇവർതന്നെ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചു. അങ്ങനെയാണ് പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിലെ മുഹൂർത്തത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates