തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ അര്‍ഹതയുള്ളവരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കുന്നതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് താന്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളിലേക്കെത്തിയത്. പ്രവര്‍ത്തക സമിതി രൂപീകരണ വേളയില്‍, തന്നെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലഭിച്ച പദവിയിലേക്കു തന്നെ തെരഞ്ഞെടുത്തപ്പോള്‍ മാനസിക വിഷമം തോന്നിയിരുന്നു. ആര്‍ക്കും തോന്നാവുന്ന മാനസിക വിക്ഷോഭങ്ങളാണ്. എന്നാല്‍ പാര്‍ട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സംസാരിച്ചപ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് ബോധ്യപ്പെട്ടു.
ഒരു പദവിയും ഇല്ലാതെയാണ് രണ്ടു വര്‍ഷക്കാലത്തോളമായി പാര്‍ട്ടിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നത്. പദവിയിലിരുന്നപ്പോഴും ഒരാള്‍ക്കും അപ്രാപ്യനായിരുന്നില്ല. ഒരു പദവിയും ഇല്ലെങ്കിലും നാളെയും കോണ്‍ഗ്രസിനായി പ്രവര്‍ത്തനം തുടരും. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം.
രണ്ടു പതിറ്റാണ്ട് മുമ്പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിച്ചപ്പോള്‍ ഒരു അസ്വസ്ഥതയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങി ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്. ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെത്തിയവരെല്ലാം അര്‍ഹതയുള്ളവരാണ്. എകെ ആന്റണി കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവാണ്. കോണ്‍ഗ്രസില്‍ പടിപടിയായി ഉയര്‍ന്നു വന്ന സഹോദരനാണ് കെസി വേണുഗോപാല്‍. ഇന്ത്യയിലെ കോണ്‍ഗ്രസിനും ഇന്ത്യക്കും അഭിമാനം നല്‍കുന്ന നേതാവാണ് ശശി തരൂര്‍. ഏറ്റവും താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്.
പ്രവര്‍ത്തകസമിതിയില്‍ ഇടംനേടിയ നാലുപേരെയും അഭിനന്ദനം അറിയിക്കുന്നു. പ്രവര്‍ത്തകസമിതി സ്ഥിരം ക്ഷണിതാവാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും സോണിയക്കും രാഹുലിനും നന്ദി അറിയിക്കുന്നു. പാര്‍ട്ടിയില്‍ വിഴുപ്പലക്കാനില്ല. പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ ഇകഴ്ത്തിക്കാണിക്കാന്‍ ഒരു നീക്കവും താന്‍ ഇതുവരെ നടത്തിയിട്ടില്ല. പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനോട് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊണ്ടു. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates