Sabarimala Gold Theft Case: Unnikrishnan Potti  
Kerala

'ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല'; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

മണി വഴി സ്വര്‍ണ ഉരുപ്പടികള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം വിഗ്രഹമായല്ല, സ്വര്‍ണ ഉരുപ്പടികളാക്കിയാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നല്‍കിയ മൊഴിയിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. ശബരിമല സന്നിധാനത്തെ സ്വര്‍ണ. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറി ഇതിന് താന്‍ സാക്ഷിയാണെന്നുമാണ് വിദേശ വ്യവസായി നല്‍കിയ മൊഴി. മണി വഴി സ്വര്‍ണ ഉരുപ്പടികള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയുമാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്. സ്വര്‍ണ ഉരുപ്പടികള്‍ കൈമാറാന്‍ പോറ്റി തന്നെ ആദ്യം സമീപിച്ചിരുന്നു എന്നും വ്യവസായിയുടെ മൊഴിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇടപാട് ഡി മണിയിലേക്ക് എത്തിയത്. ഇതേ വിദേശവ്യവസായിയാണ് ഡി മണിയുടെ ഫോണ്‍ നമ്പര്‍ എസ്‌ഐടിക്ക് കൈമാറിയത്. വിദേശ വ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് എസ്‌ഐടി ദിണ്ഡിഗലിലെ ബാലമുരുകനില്‍ എത്തിച്ചേര്‍ന്നത്. ഇയാളിലുടെയാണ് എം എസ്. മണി എന്ന സുബ്രമണിയെ കണ്ടെത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നത്. വിദേശ വ്യവസായിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വിദേശവ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മണി തന്നെയാണെന്ന് എസ്‌ഐടി കണ്ടെത്തുകയും ഇയാള്‍ സ്ഥീരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ നമ്പറുള്ളത് സുഹൃത്ത് ബാലമുരുകന്റെ പേരിലാണ്. തയ്യല്‍ജോലി ചെയ്യുന്ന സാധാരണക്കാരനായ ബാലമുരുകന്റെ പേരിലുള്ള നമ്പര്‍ ഉപയോഗിക്കുന്ന മണിയുടെ നടപടിയിലും എസ്‌ഐടിക്ക് സംശയമുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് ദിണ്ഡിഗല്ലില്‍ എസ്‌ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കാവുന്ന തെളിവൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് മണി മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബാലമുരുകന്‍, മണി എന്നിവരോട് ഡിസംബര്‍ 30ന് ഹാജരാകണം എന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. മണിയുടെ ബിസിനസുകളും മറ്റും സംബന്ധിച്ച് ചില പൊരുത്തക്കേടുകള്‍ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി നിലവില്‍ ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപന ഉടമായായ പങ്കജ് ഭണ്ഡാരിയിലും ജ്വല്ലറി ഉടമ ഗോവര്‍ധനിലും എത്തി നില്‍കുകയാണ്.

Sabarimala gold row Information from foreign the businessman's statement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമിത ആത്മവിശ്വാസം വിനയായി', തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്‍

Year Ender 2025|പോയ വര്‍ഷം ക്ലിക്കായത്, സോഷ്യല്‍ മീഡിയ അടക്കിവാണ എഐ ട്രെന്‍ഡുകള്‍

'റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കണം, ഗംഭീര്‍ രഞ്ജി ടീമിനെ പരിശീലിപ്പിക്കണം'

ലക്ഷ്യം പതിവായുള്ള വരുമാനമോ?, ദീര്‍ഘകാല സമ്പത്തോ?; അറിയാം എസ്‌ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

അമിതവേഗതയില്‍ ട്രാക്ക് മാറി കയറി കെഎസ്ആര്‍ടിസി, ലോറി മീഡിയനില്‍ ഇടിച്ചുകയറി; ദേശീയപാതയില്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടി- വിഡിയോ

SCROLL FOR NEXT