പത്തനംതിട്ട: ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.
തീര്‍ഥാടനത്തിന് ആരോഗ്യ വകുപ്പ് സജ്ജം
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈമാസം 14നും 15നുമായി ഇവര്‍ ജോലിയില്‍ പ്രവേശിക്കും. ജീവനക്കാരെ കൂടുതലായി ഇത്തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ചു മിനിറ്റിനുള്ളില്‍ സഹായമെത്തും
കോവിഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ കൃത്യമായ പരിചരണം നല്‍കുന്നതിന്് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി വേണ്ട ശുശ്രൂഷ ചെയ്തു നല്‍കും. ഇതു കൂടാതെ ആയുഷിന്റെ ആഭിമുഖ്യത്തില്‍ തെറാപ്പിസ്റ്റുകളെ നിയോഗിച്ചു. പേശീ വേദന അനുഭവപ്പെടുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. ശബരിമലയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെയും ചികിത്സ തേടുന്നവരുടെയും വിവരങ്ങള്‍ തല്‍സമയം ഡയറക്ടറേറ്റിലേക്കും വകുപ്പിലേക്കും ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ആംബുലന്‍സ് സേവനം ലഭ്യമാക്കും
അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും മിനി ബസുകളും ക്രമീകരിച്ചു. ഇതു കൂടാതെ ഇത്തവണ, ദുര്‍ഘട പാതയില്‍ ഉപയോഗിക്കാവുന്ന ഒരു ആംബുലന്‍സ്, 108 സര്‍വീസിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്നതിനു തീരുമാനിച്ചു. നിലവില്‍ വനം വകുപ്പിനും ദേവസ്വം ബോര്‍ഡിനുമാണ് ഇത്തരത്തിലുള്ള വാഹനം സേവനത്തിനായി ഉള്ളത്.
എല്ലാവര്‍ക്കും പരിശീലനം നല്‍കും
ആംബുലന്‍സ് െ്രെഡവര്‍മാര്‍ക്കും എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. ഓരോ 15 ദിവസം കൂടുമ്പോഴും പുതിയ ജീവനക്കാര്‍ എത്തുന്ന മുറയ്ക്ക് പരിശീലനം നല്‍കും. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കും. ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
ശബരിമല വാര്‍ഡുകള്‍
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും തീര്‍ഥാടനപാതയിലുമുള്ള സൗകര്യങ്ങള്‍ കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ശബരിമല വാര്‍ഡുകള്‍ തുറക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായുള്ള വാര്‍ഡ് ഈ മാസം 15ന് തുറന്ന് കൊടുക്കും. കോന്നി മെഡിക്കല്‍ കോളജിലും പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.
ചികിത്സാ രേഖകള്‍ കരുതണം
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ ഉള്‍പ്പെടെ എല്ലാവരും നിലവില്‍ എന്തെങ്കിലും ചികിത്സ നടത്തുകയോ, മരുന്ന് ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മെഡിക്കല്‍ രേഖകള്‍ കൈയില്‍ കരുതണം. അടിയന്തിരഘട്ടത്തില്‍ ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഇത് സഹായകമാകും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും കരുതണം. തീര്‍ഥാടകരെ വഹിച്ചുകൊണ്ട് പോകുന്ന ഡോളി ജീവനക്കാരും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കരുതണം. അടിയന്തിര സാഹചര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതിന് സ്‌പെഷല്‍ ഓഫീസറായി ഡോ. പ്രശോഭിനെ നിയോഗിച്ചു.
പമ്പയില്‍ കണ്‍ട്രോള്‍ റൂം
പമ്പയിലെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴി ആവശ്യമായ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുവാനും വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയുഷിന്റെ ഹെല്‍പ്പ് ഡെസ്‌ക്ക് പമ്പയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കും. ജില്ലയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. സുരക്ഷിതവും ആരോഗ്യം ഉറപ്പാക്കുന്നതും പരാതികള്‍ ഇല്ലാത്തതുമായ തീര്‍ഥാടനകാലമാണ് ലക്ഷ്യം. ഇതിനായി എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കുന്നതിന് തുടര്‍ച്ചയായ പരിശോധനകളും നിരീക്ഷണവും ഉണ്ടാകും.
ഹൃദ്രോഗവിദഗ്ധരുടെ സേവനം
കാര്‍ഡിയോളജി വിദഗ്ധരുടെ സേവനം നീലിമലയിലും അപ്പാച്ചിമേട്ടിലും ഉണ്ടാകും. കാനന പാതയില്‍ മദ്യത്തിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദേശം നല്‍കും. സേവനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
മറ്റു തയാറെടുപ്പുകള്‍
പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികള്‍ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. ഈ മാസം എട്ടു മുതല്‍ തന്നെ ആയുഷിന്റെ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആയുഷ് വകുപ്പ് ഈ മണ്ഡലകാലത്ത് ഒരുക്കുന്ന വിപുലമായ സേവനങ്ങളെക്കുറിച്ച് വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കും. ആറ് തെറാപ്പിസ്റ്റുകള്‍, രണ്ട് ഡോക്ടര്‍മാര്‍, മൂന്ന് ശുചീകരണ പ്രവര്‍ത്തകര്‍, രണ്ട് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കൂടാതെ ആയുഷ് വകുപ്പിനെ പറ്റി തീര്‍ഥാടകര്‍ക്ക് വിവരം നല്‍കാന്‍ രണ്ടു പിആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലെയും സന്നിധാനത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ പ്രഥമ ശുശ്രൂഷ കിറ്റ് നല്‍കും. എരുമേലിയില്‍ നിന്നുള്ള കാനന പാതയില്‍ വനം വകുപ്പിന്റെ സഹകരണത്തോടെ മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. കരിമലയില്‍ ജനുവരി ഒന്നു മുതല്‍ 14 വരെ മകരവിളക്കിനോട് അനുബന്ധിച്ച് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates