ശബരിമല ഫയല്‍
Kerala

മണ്ഡലകാലം അട്ടിമറിക്കാൻ നീക്കം, ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കും; ഇന്റലിജൻസ് റിപ്പോർ‌ട്ട്

സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശന സയമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT