Sabarimala Temple Plans Modern Ghee Storage System with Stainless Steel Tanks. FILE
Kerala

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

നെയ്യുടെ അളവ് അറിയാൻ ഇൻഡക്സ് മീറ്ററും പുറത്തുനിന്ന് തന്നെ അളവ് കാണാൻ കഴിയുന്ന സംവിധാനവും പുതിയ ടാങ്കുകളിൽ ഒരുക്കും.

Author : വിദ്യാനന്ദന്‍ എംഎസ്‌
Edited By : Joice Daniel

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് ആലോചന. നെയ്യുടെ അളവ് അറിയാൻ ഇൻഡക്സ് മീറ്ററും പുറത്തുനിന്ന് തന്നെ അളവ് കാണാൻ കഴിയുന്ന സംവിധാനവും പുതിയ ടാങ്കുകളിൽ ഒരുക്കും.

ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യുടെ വരവും ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ''ക്ഷേത്രത്തിൽ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്നിവ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്'' അദ്ദേഹം പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പ്രതിദിനം ഏകദേശം 1,000 ലിറ്റർ നെയ്യാണ് ശബരിമലയിൽ എത്തുന്നത്. പതിനെട്ടാംപടി കയറുന്ന ഓരോ ഭക്തന്റെയും ഇരുമുടിക്കെട്ടിൽ നെയ്തേങ്ങ ഉണ്ടാകാറുണ്ട്. ക്ഷേത്രപരിസരത്ത് ഇതിനായി നിശ്ചയിച്ച സ്ഥലത്ത് നെയ്തേങ്ങ ഉടച്ച ശേഷം അതിലെ നെയ്യിന്റെ ഒരു ഭാഗം ശ്രീകോവിലിലെ അഭിഷേകത്തിനായി സമർപ്പിക്കും.

ശേഷിക്കുന്ന നെയ്യ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന മൂന്ന് നെയ്തോണി പാത്രങ്ങളിലേക്കാണ് ഭക്തർ ഒഴിക്കുന്നത്. ഈ നെയ്തോണികളിൽ ശേഖരിക്കുന്ന നെയ്യും അഭിഷേകത്തിനുശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന അവശിഷ്ട നെയ്യും പിന്നീട് വലിയ ഇരുമ്പ് സംഭരണ ടാങ്കുകളിലേക്ക് മാറ്റും.

ഇത്തരത്തിൽ ശേഖരിക്കുന്ന നെയ്യ് യന്ത്രസഹായത്തോടെ ചൂടാക്കി ശുദ്ധീകരിച്ച ശേഷമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ചില പൂജകൾക്കും ശ്രീകോവിലിനകത്തും പുറത്തുമുള്ള എല്ലാ നെയ്‌വിളക്കുകളും തെളിയിക്കുന്നതിനും അരവണ, പായസം തുടങ്ങിയ പ്രസാദങ്ങളുടെ നിർമാണത്തിനും ഈ നെയ്യാണ് ഉപയോഗിക്കുന്നത്.

കൂടാതെ ക്ഷേത്രത്തിലെ തിടപ്പള്ളിയിലെയും ജീവനക്കാരുടെ കാന്റീനിലെയും പാചകത്തിനും ഇതേ നെയ്യാണ് ഉപയോഗിക്കുന്നത്. ഭക്തർക്ക് 'ആടിയശിഷ്ടം നെയ്യ്' എന്ന പേരിൽ പായ്ക്ക് ചെയ്ത് പ്രസാദമായും ഇത് വിതരണം ചെയ്യുന്നു.

Sabarimala Temple Plans Modern Ghee Storage System with Stainless Steel Tanks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും