ശബരിമല  File Photo
Kerala

ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച; വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ബുക്കിങ്

പ്രാഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സൈബര്‍ അന്വേഷണ വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചു

Author : ഷാന്‍ എ എസ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക, സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി സംസ്ഥാന പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം. വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതും സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും ഉപയോഗിച്ച് വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ ബുക്ക് ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി.

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത സ്ലോട്ടുകളും യഥാര്‍ഥത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തിയതുമാണ് അന്വേഷണത്തിന് വഴിവെച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വെബ്‌സൈറ്റിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ സൈബര്‍ അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.

വെബ്‌സൈറ്റില്‍ വിപുലമായ തിരിച്ചറിയല്‍ പരിശോധനാ സംവിധാനങ്ങളില്ലാത്തത് ദുരുപയോഗത്തിന് വഴിയൊരുക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പത്രവാര്‍ത്തകളുടെ കട്ടിങ്ങുകളും സിസിടിവി ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും വരെ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിന് ഒരേസമയം നാല് തീര്‍ഥാടകരുടെ സ്ലോട്ടുകള്‍ വരെ ബുക്ക് ചെയ്യാം. തീര്‍ഥാടകരുടെ വിവരങ്ങള്‍ നല്‍കുന്ന ഘട്ടത്തില്‍ വ്യാപകമായി വ്യാജ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. താത്കാലിക ഇമെയില്‍ ഐഡികള്‍, നിലവിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍, തീര്‍ഥാടകരുടേതെന്ന പേരില്‍ നല്‍കിയ മറ്റ് വ്യാജ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ഉപയോഗിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെബ്‌സൈറ്റ് ഇതുവരെ നവീകരിച്ചിട്ടില്ലെന്നും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനഫലത്തെ ബാധിക്കുന്ന സോഫ്റ്റ്വെയര്‍ ലോജിക് പിശകുകളും കണ്ടെത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ ബുക്ക് ചെയ്ത തീയതികളില്‍ ദര്‍ശനത്തിനെത്താത്തത് നിലവിലെ പ്രതിസന്ധിക്ക് കാരണമായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഘടിതമായി കൂട്ടബുക്കിങ് നടത്തിയതാണോ പ്രശ്‌നത്തിന് പിന്നിലെന്നും സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ നിഗമനത്തിലെത്താനാകില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, തീര്‍ഥാടന സീസണിന്റെ ആദ്യ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും യഥാര്‍ഥ തീര്‍ഥാടക പ്രവാഹവും തമ്മില്‍ വ്യത്യാസമുണ്ടാകുന്നത് അസാധാരണമല്ലെന്ന് ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗകര്യപ്രദമല്ലാത്ത തീയതികളിലാണെങ്കിലും ലഭ്യമായ സ്ലോട്ടുകള്‍ ചിലര്‍ ബുക്ക് ചെയ്യാറുണ്ട്. ടിക്കറ്റുകളുടെ പ്രിന്റൗട്ട് എടുത്ത ശേഷം അവര്‍ക്ക് സൗകര്യമുള്ള മറ്റൊരു തീയതിയില്‍ ദര്‍ശനത്തിനെത്തും. തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ ടിക്കറ്റിലെ തീയതി കൃത്യമായി പരിശോധിക്കാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാറുണ്ടെന്നും ഈ രീതി ഏറെക്കാലമായി തുടരുന്നതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുക്ക് ചെയ്ത തീയതിയില്‍ എത്താത്തവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദര്‍ശനത്തിനെത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂട്ടബുക്കിങ്ങിനായി ഉപയോഗിച്ച ഐപി വിലാസങ്ങള്‍ സൈബര്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ ഒരേ ഐപി വിലാസത്തില്‍നിന്ന് ഒന്നിലധികം സ്ലോട്ടുകള്‍ ബുക്ക് ചെയ്തതുകൊണ്ടുമാത്രം നിയമനടപടി സ്വീകരിക്കാനാകില്ല. നിലവിലെ ചട്ടങ്ങള്‍ കൂട്ടബുക്കിങ് നിരോധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ബോട്ടുകള്‍ ഉപയോഗിച്ചോ ഒന്നിലധികം അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി സൃഷ്ടിച്ചോ ബുക്കിങ് നടത്തിയിട്ടുണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കുമെന്ന് സൈബര്‍ വിഭാഗം അറിയിച്ചു. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സൈബര്‍ അന്വേഷണ വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

Sabarimala Virtual Queue Website Riddled With Security Flaws; Fake Details Used for Bookings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

'ഈ സ്‌നേഹക്കടയില്‍ ഒന്ന് കയറണം, ഇവര്‍ക്ക് കരുത്തായി കൂടെ നില്‍ക്കണം'; ഹൃദയം നിറഞ്ഞ ആദരവെന്ന് സുരേഷ് ഗോപി

ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണി കിട്ടും; ആറിരട്ടി പിഴ!!

നീക്കിയത് 102.8 ടണ്‍ ഇ-വേസ്റ്റ്; രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്

ഓണാട്ടുകരയുടെ പൈതൃകം പാട്ടാക്കി; അനി മങ്കിന്റെ 'തഴപ്പാട്ട്' ഇനി പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ