കൊച്ചി: ബിജെപി സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹം നിഷേധിച്ച് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ബിജെപിക്കാരന്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് കണ്ട് ചാടുന്നവന്‍ അല്ല താന്‍. സുരേന്ദ്രനെ ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സീറ്റ് കിട്ടാന്‍ ഒരു പ്രയാസവുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
അതേസമയം രണ്ട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയും ട്വന്റി 20 പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ആണ് മത്സരിക്കുക.
കഴിഞ്ഞ ദിവസം ചില ചാനലുകള്‍ എന്നെ സംഘിയാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവര്‍ 5 സീറ്റുകള്‍ ഓഫര്‍ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ അഞ്ചു തവണ വീട്ടില്‍ വന്ന് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവര്‍ പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടാമെന്നും സാബു ജേക്കബ് വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയും സാബു ജേക്കബ് പ്രതികരിച്ചു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയില്‍ കിടന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയന്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഒരാഴ്ചയായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സീറ്റുകിട്ടുന്നതില്‍ ഒരു കുഴപ്പവുമില്ല. 2021ല്‍ കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും ചെന്നിത്തലയും വീട്ടില്‍ വന്നു. അഞ്ച് സീറ്റാണ് അവര്‍ ഓഫര്‍ ചെയ്തത്. സിപിഐഎമ്മിന്റെ നേതാക്കള്‍ മന്ത്രി പി രാജീവ് ഉള്‍പ്പെടെ അഞ്ച് തവണയാണ് രാത്രി പാത്തും പതുങ്ങിയും വീട്ടില്‍ വന്നത്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല ഞാന്‍ നിലകൊള്ളുന്നത്. സാബു ജേക്കബ് വ്യക്തമാക്കി. ബിജെപിക്കാരന്‍ വന്ന് ഒരു സീറ്റ് തന്നാല്‍ പോകുന്ന ആളല്ല താനെന്നും തന്നെ സംഘിയാക്കുകയാണെന്നും സാബു കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് തന്നെയറിയാമെന്നും കെ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സാബു എം ജേക്കബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വിഷയത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സാബു എം ജേക്കബിനെതിരെ നേരത്തെയും ശ്രീനിജന്‍ എംഎല്‍എ ജാതീയ അധിക്ഷേപ പരാതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates