തിരുവനന്തപുരം: യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങല്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച ചെയ്യാനൊരുങ്ങി സുന്നി സംഘടനയായ സമസ്ത. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സര്‍ക്കാര്‍ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങള്‍ തുടങ്ങിയവയാണ് മുഖ്യമന്ത്രി വി ഡി സതീശനുമായി നേരിട്ട് ചര്‍ച്ച നടത്തുക.
മുസ്ലിം ലീഗുമായി സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം)യുടെ പരമ്പരാഗതമായുള്ള ബന്ധത്തിലെ സുപ്രധാന മാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍കാലങ്ങളിലെ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത്, സമസ്തയെയും മുസ്ലിം സമുദായത്തെയും ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് മുസ്ലിം ലീഗ് വഴിയായിരുന്നു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായാണ് സമസ്തയുടെ നീക്കത്തെ മുസ്ലിം ലീഗ് നേതൃത്വം നോക്കിക്കാണുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇരു സുന്നി വിഭാഗങ്ങളുമായും നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗിന്റെ മധ്യസ്ഥ പങ്കിനെ ഫലത്തില്‍ ഇല്ലാതാക്കുന്നതായിരുന്നു പിണറായിയുടെ നീക്കങ്ങള്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍, ജൂലൈ 13-ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വി ഡി സതീശന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സമസ്തയുടെ ശ്രമങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു എന്ന് വ്യക്തമാകുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, ന്യൂനപക്ഷ ക്ഷേമ-പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, സംസ്ഥാന പാഠ്യപദ്ധതി സമിതി, നോര്‍ക്ക (NORKA) എന്നിവിടങ്ങളിലെ നിയമനങ്ങളെക്കുറിച്ച് സമസ്തയുമായി ചര്‍ച്ച നടത്തണമെന്ന് ജിഫ്രി തങ്ങള്‍ നിവേദനത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍, തങ്ങള്‍ക്ക് (ഇ.കെ. വിഭാഗത്തിന്) അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് സമസ്ത നേതാക്കള്‍ കരുതുന്നു. 'സമസ്തയുടെ ഉന്നതാധികാര സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ നിയമിച്ചത് സംഘടനയുടെ നേതൃത്വത്തിനെതിരായ നീക്കമാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു' എന്ന് ഒരു സമസ്ത നേതാവ് പറഞ്ഞു.
'സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു' എന്ന് പ്രതിനിധി സംഘത്തെ നയിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് (TNIE)യോട് പറഞ്ഞു. സംഘടനയുടെ ആവശ്യങ്ങള്‍ അടങ്ങിയ ഒരു പട്ടിക മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ഉമര്‍ മുസ്ലിയാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates