പി ജയരാജൻ, പി ശശി  ഫെയ്സ്ബുക്ക്
Kerala

പി ജയരാജനെ വീണ്ടും തഴയും; കണ്ണൂരില്‍ നിന്നും പി ശശിക്ക് സാധ്യത; മൂന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താകും

ടി എന്‍ സീമയ്‌ക്കൊപ്പം സി എസ് സുജാതയേയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നുണ്ട്

അനിൽ എസ്

തിരുവനന്തപുരം: സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയിലെ തലമുറ മാറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന് നിരവധി യുവ നേതാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞ തവണ എട്ട് പുതുമുഖങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. ആ രീതി വ്യാഴാഴ്ച കൊല്ലത്ത് ആരംഭിക്കുന്ന 24-ാമത് സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്നേക്കുമെന്നാണ് സൂചന.

പ്രായപരിധി മാനദണ്ഡം പരിഗണിച്ച് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താകും. എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണ് പുറത്താകുക. എ കെ ബാലന് പകരം പാലക്കാട്ടു നിന്നുള്ള പ്രതിനിധിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചേക്കും.

ആനാവൂര്‍ നാഗപ്പന് പകരം തിരുവനന്തപുരത്തു നിന്നും ടി എന്‍ സീമ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരിലൊരാളെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. മന്ത്രി വി ശിവന്‍കുട്ടിയാണ് തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ്. എന്നാല്‍ ഇപ്പോള്‍ തന്നെ ആറു മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ഉള്ളതിനാല്‍ ശിവന്‍കുട്ടിയെ പരിഗണിച്ചേക്കില്ല. ടി എന്‍ സീമയ്‌ക്കൊപ്പം സി എസ് സുജാതയേയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ ശ്രീമതിക്ക് പകരമാണ് സുജാതയെ പരിഗണിക്കുന്നത്. സുജാത നിലവില്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമാണ്.

കണ്ണൂരില്‍ നിന്ന് ആരാണ് പുതുതായി സെക്രട്ടേറിയറ്റിലേക്ക് എത്തുക എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നിട്ടും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കഴിഞ്ഞ തവണ അര്‍ഹമായ പരിഗണന ലഭിച്ചില്ല. ഇത്തവണയും പി ജയരാജനെ തഴഞ്ഞേക്കും. ജയരാജന്‍മാരില്‍ ഇനി എം വി ജയരാജന് മാത്രമേ അവസരം ലഭിക്കൂ എന്നാണ് സൂചന.

സെക്രട്ടേറിയറ്റ് അംഗത്വം ഒഴിയാന്‍ ഇ പി ജയരാജന്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് സൂചയുണ്ട്. ഇ പി ജയരാജനും ടി പി രാമകൃഷ്ണനും ഈ വര്‍ഷം 75 വയസ്സ് തികയുമെങ്കിലും, അവര്‍ സംസ്ഥാന നേതൃത്വത്തില്‍ തുടര്‍ന്നേക്കും. സംസ്ഥാന കമ്മിറ്റിയിലും നിരവധി പുതുമുഖങ്ങള്‍ ഇടംപിടിക്കും. എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവരെ കൂടാതെ ഗോപി കോട്ടമുറിക്കല്‍, സി എം ദിനേശ് മണി, എസ് ശര്‍മ്മ, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഒഴിവായേക്കും.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ചേക്കും. ആദ്യമായി ജില്ലാ സെക്രട്ടറിമാരായ കെ വി അബ്ദുള്‍ ഖാദര്‍ (തൃശൂര്‍), വി പി അനില്‍ (മലപ്പുറം), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), എം രാജഗോപാലന്‍ (കാസര്‍കോട്) എന്നിവരെയും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാറിനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിശയിക്കാനില്ല.

പുതിയ മുഖങ്ങള്‍ മതിയായ കഴിവുള്ള നേതാക്കളാണെന്ന് സിപിഎം ഉറപ്പാക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ എന്‍ എം പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സിപിഎം ഒരു പുതിയ പാത രൂപപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, സ്വാധീനം ചെലുത്താന്‍ മതിയായ കഴിവുള്ളവരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂവെന്ന് പാര്‍ട്ടി ഉറപ്പാക്കണം. അപ്പോള്‍ മാത്രമേ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ. അതുപോലെ, പ്രത്യയശാസ്ത്ര വ്യക്തതയുള്ളവര്‍ ആകണം തീരുമാനമെടുക്കല്‍ സമിതിയില്‍ എത്തേണ്ടതെന്നും പിയേഴ്‌സണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT