സച്ചിദാനന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു ടെലിവിഷന്‍ ദൃശ്യം
Kerala

നിയമപ്രകാരം തെറ്റല്ല, പക്ഷേ...; ചുള്ളിക്കാടിനു മാന്യമായ പ്രതിഫലം കൊടുക്കുമെന്ന് സച്ചിദാനന്ദന്‍

ബാലചന്ദ്രന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണ്ടതായിരുന്നു. അദ്ദേഹം കൂടുതല്‍ നേരം സംസാരിച്ചു, അതിനു വേണ്ടി കൂടുതല്‍ പ്രയത്‌നിച്ചിട്ടുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സാഹിത്യ അക്കാദമിയുടെ രാജ്യാന്തര സാഹിത്യോത്സവത്തില്‍ പങ്കെടുത്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലം കുറഞ്ഞുപോയത് ഭരണതലത്തില്‍ വന്ന വീഴ്ചയെന്ന് പ്രസിഡന്റ് സച്ചിദാനന്ദന്‍. താനോ സെക്രട്ടറിയോ അറിഞ്ഞ കാര്യമല്ല ഇത്. അറിഞ്ഞപ്പോള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സച്ചിദാനന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പരിമിതമായ ഫണ്ടു കൊണ്ടാണ് അക്കാദമി സാഹിത്യോത്സവം നടത്തുന്നത്. സാധാരണ എല്ലാ എഴുത്തുകാര്‍ക്കും ആയിരം രൂപയാണ് കൊടുക്കുന്നത്. എഴുത്തുകാര്‍ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നല്‍കുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചുവരുന്നത്. അതു യാന്ത്രികമായി ഫോളോ ചെയ്യുകയാണ് ഓഫിസ് ചെയ്തത്. ബാലചന്ദ്രന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണ്ടതായിരുന്നു. അദ്ദേഹം കൂടുതല്‍ നേരം സംസാരിച്ചു, അതിനു വേണ്ടി കൂടുതല്‍ പ്രയത്‌നിച്ചിട്ടുമുണ്ട്.

നിയമപ്രകാരം ഓഫിസ് ചെയ്തതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്‍കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോട ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇങ്ങനെ സംഭവിച്ചതില്‍ തനിക്കു ഖേദമുണ്ട്. താന്‍ വിളിച്ചതുകൊണ്ടു മാത്രം അക്കാദമിയില്‍ വന്നയാളാണ്. എഴുത്തുകാര്‍ക്കു പൊതുവേ പ്രതിഫലം കുറച്ചുനല്‍കുന്നത് പൊതുവായ പ്രശ്‌നമാണ്. അതൊരു സാമുഹ്യ പ്രശ്‌നമായി കാണണം. അതാണ് ബാലചന്ദ്രന്‍ ഉയര്‍ത്തിയത്. അതില്‍ പൂര്‍ണമായും ബാലനൊപ്പമാണ്- അക്കാദമി അധ്യക്ഷന്‍ പറഞ്ഞു.

നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സാമൂഹ്യ മാധ്യമത്തിലൂടെയാണ് അറിയിച്ചത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

കുറിപ്പ് ഇങ്ങനെ:

എന്റെ വില.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).

കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ബാലചന്ദ്രന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണ്ടതായിരുന്നു. അദ്ദേഹം കൂടുതല്‍ നേരം സംസാരിച്ചു, അതിനു വേണ്ടി കൂടുതല്‍ പ്രയത്‌നിച്ചിട്ടുമുണ്ട്
സച്ചിദാനന്ദന്‍

ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/)

എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്‌റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/).

3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT