Supreme Court  file
Kerala

'ദേവന് വിശ്രമ സമയം ആവശ്യമാണ്'; സമ്പന്നരുടെ പ്രത്യേക പൂജയ്‌ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

പണം നല്‍കിയ ശേഷം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ ആളുകളെ അനുവദിക്കുന്ന രീതിയെക്കുറിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേവന്റെ വിശ്രമ സമയം തടസപ്പെടുത്തുന്ന രീതിയില്‍ സമ്പന്നര്‍ പ്രത്യേക പൂജകള്‍ നടത്തുന്നതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ദര്‍ശന സമയങ്ങളിലും ക്ഷേത്രാചാരങ്ങളിലും വരുത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പണം നല്‍കിയ ശേഷം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ ആളുകളെ അനുവദിക്കുന്ന രീതിയെക്കുറിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു.

വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ജനുവരി ആദ്യവാരം വിഷയം പരിഗണിക്കുന്നതിനായി പട്ടികപ്പെടുത്തുകയും ചെയ്തു. ബാങ്കി ബിഹാരി ജി ക്ഷേത്രത്തിലെ ദര്‍ശന സമയത്തിലെ മാറ്റത്തെയും ദെഹ്രി പൂജ ഉള്‍പ്പെടെയുള്ള ചില മതപരമായ ആചാരങ്ങള്‍ നിര്‍ത്തിവെച്ചതായും ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഭിഭാഷകന്‍ തന്‍വി ദുബെ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പാംചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന സമയം ഒരു നീണ്ട പാരമ്പര്യത്തിന്റെയും ആചാരത്തിന്റേയും ഭാഗമാണ്. പുതിയ സമയമാറ്റം ക്ഷേത്രത്തിലെ ആചാരങ്ങളുടെ സമയക്രമത്തിലും മാറ്റത്തിന് കാരണമായി. ദേവന്‍ രാവിലെ ഉണരുകയും രാത്രി ഉറങ്ങുകയും ചെയ്യുന്ന സമയം ഉള്‍പ്പെടെ മാറ്റം വന്നു. എന്നാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം ക്ഷേത്രം അടക്കുമ്പോള്‍ അവര്‍ വിശ്രമം നല്‍കാന്‍ പോലും നല്‍കുന്നില്ലെന്നും ശ്യാം ദിവാന്‍ പറഞ്ഞു. സമയക്രമം പവിത്രമാണ്, അത് നിലനിര്‍ത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകനും ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ട പ്രകാരം സമയക്രമത്തില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ക്ഷേത്രത്തിലെ അവശ്യ മതപരമായ ആചാരങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് ദിവാന്‍ വാദിച്ചു. ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സമയത്തും പരിമിതമായ സ്ഥലത്തും ഈ ചടങ്ങ് നടത്തുന്നതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ പേരില്‍ ഇത് നിര്‍ത്തിവയ്ക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എല്ലാ വാദങ്ങളും കേട്ട കോടതി ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. ആചാര സമയങ്ങളിലെ മാറ്റത്തെത്തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു. ശുദ്ധമായ കുടിവെള്ളം, പ്രവര്‍ത്തനക്ഷമമായ ശുചിമുറികള്‍, ഷെല്‍ട്ടറുകള്‍, പ്രത്യേക ഇടനാഴികള്‍, പ്രായമായവര്‍ക്കും ദുര്‍ബലരായ തീര്‍ത്ഥാടകര്‍ക്കും സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും മൊത്തത്തിലുള്ള വികസനം ആസൂത്രണം ചെയ്യാനും ഈ ഉന്നതാധികാര സമിതിക്ക് ചുമതല നല്‍കുകയും ചെയ്തു.

SC expresses unhappiness over 'special pujas' for affluent disrupting resting time of deity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT