തിരുവനന്തപുരം: 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും 13-ാം വകുപ്പ് ഒഴിവാക്കിയുള്ള നിയമ ഭേദഗതി ( Disaster Management Act ) പിന്‍വലിക്കണമെന്ന് കേരളം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ 2025 മാര്‍ച്ചില്‍ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഒഴിവാക്കിയത്. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരന്തബാധിതര്‍ക്ക് വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകള്‍ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് 13-ാം വകുപ്പ്. മാനുഷികപരമായ പരിഗണനയോടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ദുരന്തബാധിതര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വ്യവസ്ഥയാണിത്. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. എന്നാല്‍ വളരെ പിന്നീട്, 29-3-2025ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും നിയമം ഭേദഗതി ചെയ്തതിനാല്‍ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ദുരന്ത ബാധിതരെ സഹായിക്കാനോ അവരുടെ വായ്പകള്‍ എഴുതിത്തള്ളാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. തുടക്കം മുതല്‍ ഈ വിഷയത്തില്‍ കേരളത്തിനനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് അവശ്യപ്പെട്ടതാണ്. കേരളത്തെ സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ആ ഘട്ടത്തില്‍ കോടതിക്ക് പോലും രോഷത്തോടെ പ്രതികരിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍, കേരളത്തിന് ഒരു നയാപൈസ പോലും നല്‍കാതിരിക്കുന്നതിനു പുറമെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തളളാതിരിക്കാന്‍ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്ന തരത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സഹായവും ലഭിക്കരുത് എന്നതരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം പ്രകൃതി ദുരന്തത്തിന്റെ കഠിനമായ ആഘാതമേറ്റവരെയാകെ വിഷമിപ്പിക്കുന്നതാണ്. കോടതിയെ പോലും ഗൗനിക്കാത്ത ഈ നിലപാട് തിരുത്തണമെന്നതാണ് കേരളത്തിന്റെ വികാരം എന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates