ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെയും ഇ ശ്രീധരന്റെയും പദ്ധതികള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, കേരളത്തെ തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം.
പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡല്‍ഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു റെയില്‍ ഇടനാഴികള്‍. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.
ടയര്‍ -2, ടയര്‍ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകള്‍ക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയില്‍വേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയില്‍ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാൻ ഇ ശ്രീധരൻ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോടു വരെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താവുന്ന പദ്ധതിയാണ് ശ്രീധരന്‍ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട ശ്രീധരന്‍, പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസും ആരംഭിച്ചിരുന്നു.
ഈ പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ അതിവേഗ റെയിൽ പദ്ധതിയായി ആർആർടിഎസും പ്രഖ്യാപിച്ചു. ഈ പദ്ധതി മണ്ടൻ പദ്ധതിയാണെന്ന് വിമർശിച്ച് ഇ ശ്രീധരൻ രംഗത്തു വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെ, അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates