കണ്ണൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കലാലയങ്ങളില്‍ അക്രമത്തിലും കൊലപാതകത്തിലും മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ കെഎസ്‌യുവിന്റെ പ്രവര്‍ത്തകര്‍ മരിച്ചതിന്റെ മൂന്നില്‍ ഒരംശം പോലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മരിച്ചുവീണിട്ടില്ല. ആ കൊലപാതകത്തിന്റെയൊക്കെ ഉത്തരവാദിത്തം ആരുടേതാണ്? ഹോസ്റ്റലുകള്‍ എസ്എഫ്‌ഐ ഗുണ്ടാ, ക്രിമിനലുകളുടെ ഓഫീസാക്കി മാറ്റി. ഇന്നലെ കൊലപാതകം നടന്ന ഇടുക്കി കോളജിന്റെ ഹോസ്റ്റലും എസ്എഫ്‌ഐയുടെ കസ്റ്റഡിയിലാണ്. പത്തുദിവസമായി ഗുണ്ടകള്‍ ഹോസ്റ്റലില്‍ ക്യാമ്പ് ചെയ്യുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ആരുടെ നയമാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്? സുധാകരന്റെ നയമാണോ? . കേരളത്തിലെ മൊത്തം അക്രമസംഭവങ്ങള്‍ പരിശോധിച്ചാല്‍ സിപിഎം എവിടേയാണ്, കോണ്‍ഗ്രസ് എവിടേയാണ് എന്ന് മനസിലാകും. കലാശാലകളും രാഷ്ട്രീയ മണ്ഡലങ്ങളും അരുംകൊലകളുടെ വിളനിലമാക്കിയ സിപിഎമ്മിന് മറ്റൊരു പാര്‍ട്ടിയെയും കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ല. കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎമ്മാണ്. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയം കോണ്‍ഗ്രസിനില്ല. ഈ കീരിടം യോജിക്കുക സിപിഎമ്മിനും പിണറായി വിജയനും കോടിയേരിക്കുമാണ്. ഈ തീപ്പന്തം കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates