Shigella  പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഷിഗല്ല ബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം. വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സരോജിനിയുടെ മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് പതിനെട്ടുപേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. പന്ത്രണ്ട് ദിവസത്തിനുള്ളില്‍ 56 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഷി​ഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

പകർച്ചാ സാധ്യത കൂടുതലായ ഷി​ഗല്ല രോഗബാധ, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദ്ദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. രോഗികളുടെ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കാൻ ഒ.ആർ.എസ് പാനീയം ഇടക്കിടെ കുടിക്കണം. സർക്കാർ ആശുപത്രികളിൽനിന്നും അങ്കണവാടികളിൽനിന്നും ലഭിക്കുന്ന ഒ.ആർ.എസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയിപ്പിച്ചശേഷം ഉപയോഗിക്കാം. തയാറാക്കി 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉപയോഗിക്കരുത്. മരുന്നുകൾ നിർദേശിക്കുന്ന ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കണം.

ആഹാര-പാനീയ ശുചിത്വം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കണം. പാചകം ചെയ്യുന്നതിന് മുമ്പും ആഹാരം വിളമ്പുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവുമെല്ലാം സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകണം. കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെ ചെയ്യണം.

രോഗികൾ ശ്രദ്ധിക്കേണ്ടത്

* രോഗികൾ വ്യക്തിശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാവും.

* ടോയ്‌ലറ്റിൽ പോയ ശേഷം എല്ലായ്‌പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. കൈ കഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾ ഉരച്ചും കഴുകണം.

* ഉപയോഗശേഷം ടോയ്‌ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക.

* വീടിനുള്ളിൽ ഛർദ്ദിൽ വീണാൽ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

* അസുഖം ബാധിച്ചവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവർ ഇവ ഉപയോഗിക്കരുത്.

* രോഗലക്ഷണങ്ങൾ കുറഞ്ഞാലും രണ്ടാഴ്ചയെങ്കിലും പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുക, ആഹാരം പങ്കിടുക, ഭക്ഷണ ശാലകളിൽ പോകുക എന്നിവ ഒഴിവാക്കണം.

ഉറപ്പാക്കണം വീടുകളിലെ ശുചിത്വം

* കിണർ/പൈപ്പ്/ആർ.ഒ പ്ലാന്റ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ച ശേഷം കുടിക്കുക

* പാചകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം വിളമ്പുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക.

* കക്ക, കൊഞ്ച്, കണവ പോലുള്ള കടൽവിഭവങ്ങൾ, മുട്ട, മാംസം എന്നിവ സമയമെടുത്ത് നന്നായി പാചകം ചെയ്ത ശേഷം കഴിക്കുക.

* പഴകിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുക

* പാനീയങ്ങൾ തയാറാക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള ഒരു പാനീയവും ഉപയോഗിക്കരുത്.

* വീട്ടിലെ കുഞ്ഞുങ്ങൾ, വയോജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകുമ്പോൾ വൃത്തി ഉറപ്പാക്കണം

* അടുക്കളയിലും ഭക്ഷണം കഴിക്കുന്നിടത്തും ഈച്ച വരാതെ സൂക്ഷിക്കുക.

* മലവിസർജനം ടോയ്ലറ്റിൽ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസർജ്യവും ടോയ്ലറ്റിൽ ഒഴിവാക്കണം

* കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകൾ കൃത്യമായി സംസ്‌കരിക്കുക

* കഴിയുന്നതും വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുക

Shigella Outbreak in Malappuram: One Dead in Perinthalmanna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

തനി നാടന്‍ പരിപാടി; 'സത്യത്തിൽ സംഭവിച്ചത്' എന്തെന്ന് ജൂൺ 19 ന് അറിയാം

മെറ്റ പണിമുടക്കി; ഫേസ്ബുക്കും ഇന്‍സ്റ്റയും മെസഞ്ചറും പ്രവര്‍ത്തനരഹിതം

'അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു; മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ ഉപേക്ഷിച്ചു'; ശില്‍പയുടെ വെളിപ്പെടുത്തല്‍

ജ്യൂസില്‍ ഷിഗല്ല ബാക്ടീരിയ; ബേക്കറി അടപ്പിച്ചു

SCROLL FOR NEXT