ഉമ്മന്‍ ചാണ്ടി/ഫയല്‍ 
Kerala

'ഓപ്പറേഷന്‍ നടന്നതിന്റെ പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് സുശീലേടത്തിയെ തേടി ഒരു ഫോണ്‍ വന്നു'

അവന്‍ ആദ്യമായി കേട്ട ശബ്ദം ഉമ്മന്‍ ചാണ്ടിയുടെതായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ര്‍ക്കും എപ്പോഴും സമീപിക്കാവുന്ന നേതാവ്, ഏത് ആള്‍ക്കൂട്ടത്തിനിടയിലും ആരെയും കേള്‍ക്കാന്‍ സമയം കണ്ടെത്തുന്നയാള്‍. ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുന്നവരില്‍ നല്ലൊരു പങ്കും മുഖ്യമായും എടുത്തു പറയുന്ന വിശേഷണങ്ങള്‍ ഇവയാണ്. ഇതിന് തനിക്കു നേരിട്ടറിയാവുന്ന ഉദാഹരണം നിരത്തുകയാണ്, എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഈ കുറിപ്പില്‍. ആരെന്നോ എന്തെന്നോ ഏതു പാര്‍ട്ടിക്കാരിയെന്നോ പോലും അന്വേഷിക്കാതെ ഉമ്മന്‍ ചാണ്ടിയുടെ സഹായം ഒരു ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകയിലേക്കു വന്ന കഥയാണിത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: 

ഉമ്മന്‍ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓര്‍മ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്‌ക്കാരികപ്രവര്‍ത്തകയുമാണ് സുശീലേടത്തി. അവരുടെ സ്‌നേഹനിധിയായ ഭര്‍ത്താവ് പെട്ടെന്ന് ഒരു ദിവസം  മരിച്ചു പോയി. മക്കള്‍ക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയില്‍ ഇളയ മോന് കുറേ നാളായി  കേള്‍വിയില്ലാത്തപ്രശ്‌നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേള്‍വിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷന്‍ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേള്‍വിപ്രശ്‌നം പരിഹരിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് കൊടുത്തെങ്കിലും  പണം തികയാതെ ഓപ്പറേഷന്‍ നീണ്ടു നീണ്ടു പോവുകയാണ്. സീറോ ശതമാനമാണ് കേള്‍വി എന്നോര്‍ക്കണം. ഈവൈകിയ വേളയിലെങ്കിലും ചെയ്തില്ലെങ്കില്‍ കുട്ടി യുടെ മാനസിക ജീവിതത്തെത്തന്നെ ഗുരുതരമായി ബാധിക്കും. പക്ഷേ, മുഴുവന്‍ പണമില്ല. അങ്ങനെയിരിക്കേ, ആരോ അവരോട് പറഞ്ഞു : പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഒന്ന് വിളിച്ചു നോക്കൂ.   ജീവിതത്തില്‍ നേരിട്ട് കാണാത്ത . വെറും വീട്ടമ്മയായ അവര്‍ ഫോണില്‍  വിളിച്ചതും അദ്ദേഹം നേരിട്ട് ഫോണെടുത്തു. സങ്കടം കലര്‍ന്ന സ്വരത്തില്‍ സുശീലേടത്തി കാര്യം പറയുന്നു. ഉടന്‍ അദ്ദേഹം തിരിച്ച് ചോദിക്കുന്നു: ഓപ്പറേഷന് ഇനിയെത്ര പണം വേണ്ടി വരും?. രണ്ടു ലക്ഷം രൂപ  നിസ്സഹായയായി സുശീലേടത്തി പറയുന്നു. യാതൊരു പ്രതീക്ഷയുമില്ല. ഒരു സെക്കന്റ് വൈകിയില്ല. അദ്ദേഹം പറഞ്ഞു, അത് നമുക്ക് ശരിയാക്കാം. നിങ്ങള്‍ കണ്ണൂരല്ലേ, കോഴിക്കോട് മിംസില്‍ ഞാന്‍ ഇന്നു തന്നെ ഏര്‍പ്പാടാക്കാം. പോയ്‌ക്കോളൂ. ഞാന്‍ കുറച്ചു ദിവസം ഇവിടെ ഉണ്ടാവില്ല. അമേരിക്കയിലാവും. അതൊന്നും സാരമില്ല. ധൈര്യമായി പോയി ഞാന്‍ പറഞ്ഞ ആളെ കണ്ടിട്ട് വേണ്ടത് ചെയ്‌തോളൂ. 
ഇതും പറഞ്ഞ് അങ്ങേയറ്റത്ത് നിന്ന് ധൃതിയില്‍ ഫോണ്‍ കട്ടാവുന്നു.
സുശീലേടത്തി കുറേ നേരം തരിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍.. താന്‍ ആരെന്നോ എന്തെന്നോ ഏത് പാര്‍ട്ടിക്കാരിയാ ണെന്നോ തരക്കാരിയെന്നോ അറിയാത്ത , അന്വേഷിക്കാത്ത ഒരാള്‍.
മിംമ്‌സില്‍ നിന്ന് ഓപ്പറേഷന്‍ നടന്നതിന്റെ പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് സുശീലേടത്തിയെ തേടി ഒരു ഫോണ്‍ എത്തുന്നു. അത് അമേരിക്കയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു ! മകന്റെ സുഖവിവരങ്ങള്‍ അറിയാന്‍ ഓര്‍ത്ത് വിളിച്ചിരിക്കുകയാണ്. 
വന്‍കരകളുടെ അറ്റത്ത്‌നിന്ന് !. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുട്ടിയ്ക്ക് വേണ്ടിയാണ് വിളിയെന്നോര്‍ക്കണം.
 ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നു.
സുശീലേടത്തി ഒരു കാര്യം പ്രത്യേകം ഓര്‍ത്തെടുത്ത് ചെയ്തു. കേള്‍വിശക്തി തിരിച്ച് കിട്ടിയപ്പോള്‍ ആദ്യമായി ഫോണില്‍ വിളിച്ച് മകനെക്കൊണ്ട് സംസാരിപ്പിച്ചു. അവന്‍ ആദ്യമായി കേട്ട ശബ്ദം ഉമ്മന്‍ ചാണ്ടിയുടെതായിരുന്നു !
പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി കണ്ണൂരില്‍ വന്നപ്പോള്‍ ആ തിരക്കിലും മകന്റെ കൈയും പിടിപ്പ് ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് പോയി കണ്ടു. സന്തോഷമായില്ലേ? അദ്ദേഹം ചിരിച്ച് കൊണ്ട് ചോദിച്ചപ്പോള്‍  സുശീലേടത്തി ഒരാഗ്രഹം കൂടി പറഞ്ഞു: എത്രയോ കുട്ടികള്‍ ഇങ്ങനെയുണ്ട് സാറേ. ഒരു പരിഹാരം സാറിന്റെ സര്‍ക്കാരിന് ചെയ്തു കൂടെ? ഒരു നിമിഷത്തെ ആലോചന. ഉടന്‍ മറുപടി വരുന്നു:. അത് ചെയ്യാമല്ലോ. ചെയ്യേണ്ടതാണ്.
അങ്ങനെയാണ്  നൂറ് ശതമാനം കേള്‍വിയില്ലാതെ പോയ കുട്ടികള്‍ക്ക് വേണ്ടിയുള്ള നിലവിലെ ആ പദ്ധതി സജീവമായി.  
എല്ലാം കേള്‍ക്കുന്നത് പോലെ അഭിനയിക്കുകയും ഹൃദയത്തിന്റെ ചെവി കൊട്ടിയടക്കുകയും വാഗ്ദാനത്തിന്റെ പെരുമഴ ചൊരിയുകയും ചെയ്ത് സാധാരണക്കാരില്‍ നിന്ന് അറപ്പോടെ ഓടി രക്ഷപ്പെടാന്‍ വഴിയന്വേഷിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് ഏത് പാര്‍ട്ടിയിലും പഞ്ഞമില്ലാത്ത ഇക്കാലത്ത് തീര്‍ച്ചയായും അവിശ്വസനീയമാം വിധം  വലിയൊരു തണല്‍ മരമാണ് അദ്ദേഹം. നിസ്സഹായമായ ഏത് മനുഷ്യ ദുരിതത്തിന്റെ വെയിലിലേക്കും കൈ നീളുന്ന ആ  മഹാവൃക്ഷം ഇനിയില്ല. ദയാവായ്പിന്റെ മഹാപര്‍വ്വതത്തിന്റെ ഓരം ചേര്‍ന്നു നടന്നു പോയ ആ ജീവിതം പേറിയ അപമാനത്തിന്റെ  കുരിശുകള്‍ മാത്രം സങ്കടത്തോടെ ഭൂമിയില്‍ ദ്രവിച്ചുനില്‍ക്കുന്നു. മഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍  ഹൃദയത്തിന്റെ ഭാഷയില്‍ ആദരവിന്റെ ആയിരം പൂക്കള്‍! 
ജീവിച്ചിരിക്കുമ്പോള്‍ തരാന്‍ മറന്നു പോയ ഈ പൂക്കള്‍ ഭാഗ്യവശാല്‍, സുശീലേടത്തിയുടെ ജീവിത കഥ ഹൃദയത്തില്‍ കൊത്തിവെച്ചത് പോലെ കുടി കൊള്ളുന്നതിനാല്‍  അത് വാടിപ്പോയിട്ടില്ല, സുഗന്ധം കുറഞ്ഞിട്ടില്ല എന്നു മാത്രം ഒരല്പം ആശ്വാസം കൊള്ളട്ടെ!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT