കൊച്ചി: ലഹരി ഉപയോഗത്തെ തുടര്‍ന്ന് താന്‍ നേരത്തെ ഡീ- അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ വർഷം അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പൊലീസിനോട് പറഞ്ഞു.
ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍, താന്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശനിയാഴ്ച പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഹോട്ടലില്‍ പൊലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈവശം ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് നടന്‍ മൊഴി നല്‍കിയതെന്നുമാണ് വിവരം.
ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും ഇനിയും വിശദമായ അന്വേഷണം വേണമെന്നുമാണ് പൊലീസ് പറയുന്നത്.
നിര്‍ണായകമായത് ഫോണ്‍ വിളികള്‍
ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് ഫോണ്‍ വിളികളാണ്. ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ സജീറിനെ അറിയാമെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചെങ്കിലും ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് സാധിച്ചില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടന്റെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയത്. നടനെ ചോദ്യം ചെയ്യുന്നതിനായി 36 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിരുന്നു. നടന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരി ഇടപാടുകാരനുമായുള്ള ബന്ധം ആദ്യ നിഷേധിച്ചെങ്കിലും ഫോണ്‍ വിളി വിവരങ്ങള്‍ കാണിച്ചതോടെയാണ് സജീറിനെ അറിയാമെന്ന് നടന്‍ സമ്മതിച്ചത്. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ നടന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ പോലും നടന് സാധിച്ചില്ല എന്നാണ് വിവരം.
ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ്, ഷൈന്‍ ഇറങ്ങി ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിക്കുകയോ, കൈവശം വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈന്‍ നല്‍കിയ മൊഴി.
നിലവില്‍ താരത്തിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം സമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്ഷന്‍ 27 ചുമത്തിയത്. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതോടെയാണ് ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നതിന് ചുമത്തുന്ന സെക്ഷന്‍ 29 പ്രകാരവും കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും.
ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാലുദിവസം വരെയുള്ള കാര്യങ്ങള്‍ സാമ്പിളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ലഹരി ഉപയോഗം കണ്ടെത്താന്‍ ആന്റി ഡോപ്പിങ് ടെസ്റ്റും നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മറ്റു നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ എത്രനാള്‍ ലഹരി ഉപയോഗിച്ചിരുന്നു?, താരത്തിന് ലഹരി എവിടെ നിന്നാണ് ലഭിക്കുന്നത്?, ഇതിന് പിന്നില്‍ ആരെല്ലാം ഉണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസിന് മുന്നോട്ടുപോകാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates