തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ വകുപ്പിന്റെ പരാജയവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയോട് ഒരു ലളിതമായ ചോദ്യം എന്ന തലക്കെട്ടോടെയാണ് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്:
"ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും 'കറന്റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം' എന്ന് പറയുമായിരുന്നോ? പാലോട് സി.എച്ച്.സിയിൽ ഒരു രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഡ്രസ്സ് ചെയ്യേണ്ടി വന്നത് ഡോക്ടർമാർ പരാജയപ്പെട്ടതുകൊണ്ടല്ല, ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ ഇല്ലാതിരുന്നതിനാലാണ്. എന്നാൽ ഈ ഗുരുതരമായ വീഴ്ച ഏറ്റുപറയുന്നതിനുപകരം, അസാധ്യമായ സാഹചര്യത്തിലും പരമാവധി ശ്രമിച്ച ഡോക്ടർമാരെയാണ് താങ്കൾ ചോദ്യം ചെയ്തത്." - ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇത് വെറും അരമണിക്കൂറിലെ കറന്റ് കട്ടിന്റെ വിഷയം മാത്രമല്ലെന്നും, സ്വന്തം ആശുപത്രികളിൽ പ്രാഥമിക ആവശ്യമായ വൈദ്യുതി ബാക്കപ്പ് പോലും ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ ദയനീയ യാഥാർത്ഥ്യമാണെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ കഴിയാതെ അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ മറുപടി വേണമെന്ന് ആവശ്യപ്പെട്ട അവർ, കേരളത്തിലെ ജനങ്ങൾ വ്യക്തമായ മറുപടിയും രോഗികൾ മാന്യമായ ചികിത്സയും അർഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates