പന്നിക്കെണിയൊരുക്കിയിരുന്ന കനാൽ സ്ക്രീൻഷോട്ട്
Kerala

മകളുടെ വിവാഹത്തിനു ദിവസങ്ങള്‍ മാത്രം, അട്ടപ്പള്ളത്തെ കണ്ണീരിലാഴ്ത്തി അച്ഛന്റെയും മകന്റെയും മരണം; പന്നിക്കെണിയൊരുക്കിയത് ആര്?, അന്വേഷണം

വാളയാർ അട്ടപ്പള്ളത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പന്നിക്കെണി ഒരുക്കിയത് പ്രദേശവാസികളില്‍ ആരെങ്കിലുമായിരിക്കുമെന്ന സംശയത്തില്‍ വാളയാര്‍ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പന്നിക്കെണി ഒരുക്കിയത് പ്രദേശവാസികളില്‍ ആരെങ്കിലുമായിരിക്കുമെന്ന സംശയത്തില്‍ വാളയാര്‍ പൊലീസ്. ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ്, എസ്‌ഐ ജെ ജെയ്‌സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പരിസരത്തെക്കുറിച്ചു വ്യക്തമായ അറിവുള്ളവരാണ് ഇതിനു പിന്നിലെന്നാണു സൂചന. എല്‍ടി ലൈനില്‍നിന്നു കമ്പി ഉപയോഗിച്ച് കാഡ കനാലിലൂടെ 150 മീറ്ററോളം ദൂരത്തേക്കു വൈദ്യുതി എത്തിച്ചിട്ടുണ്ട്.

അട്ടപ്പള്ളം സ്വദേശി മോഹനന്‍ (60), മകന്‍ അനിരുദ്ധ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടേയാണ് സംഭവം. കനാലില്‍ വീണുകിടന്ന മോഹനനടുത്തേക്ക് എത്തിയ ഉടന്‍ അനിരുദ്ധ് അദ്ദേഹത്തെ രക്ഷിക്കാന്‍ വെള്ളത്തിലേക്കു എടുത്തുചാടുകയായിരുന്നു. ഇതോടെ ഷോക്കേറ്റു തെറിച്ചുവീണു. അനിരുദ്ധിന്റെ സുഹൃത്ത് സനാതനനാണ് ഒച്ചവച്ചു പ്രദേശവാസികളെ അറിയിച്ചത്. പൊലീസും അഗ്‌നിരക്ഷാസേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ലൈന്‍ ഓഫാക്കിയാണു മൃതദേഹം കനാലില്‍ നിന്നു പുറത്തെടുത്തത്.

വീട്ടില്‍നിന്ന് അട്ടപ്പള്ളത്തേക്കു ബൈക്കില്‍ പോവുമ്പോഴാണു മോഹനന്‍ കനാലില്‍ വീണുകിടക്കുന്നതു സനാതനന്‍ കണ്ടത്. ഉടന്‍ തൊട്ടപ്പുറത്തുണ്ടായിരുന്ന അനിരുദ്ധിനെ വിവരം അറിയിച്ചു. ഇരുവരും സ്ഥലത്തെത്തിയ ഉടന്‍ അനിരുദ്ധ് വെള്ളത്തിലേക്കു ചാടി. ഷോക്കേറ്റ് അനിരുദ്ധ് തെറിച്ചുവീണതോടെ സനാതനന്‍ പിന്മാറി. പിന്നീടാണ് സനാതനന്‍ തന്റെ അച്ഛന്‍ ഗോപാലകൃഷ്ണനെയും നാട്ടുകാരെയും വിവരം അറിയിച്ചത്.

മോഹനന്‍ മരിച്ചു കിടന്നതിനു തൊട്ടടുത്തു കനാലിലെ വെള്ളത്തില്‍ ഒരു പാമ്പും ഷോക്കേറ്റു ചത്തു കിടന്നിരുന്നു. കനാലില്‍ പലയിടത്തും കമ്പികൊണ്ടു കുരുക്കും ഒരുക്കിയിട്ടുണ്ട്. കനാലില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന പന്നികളെ പിടികൂടാനാണു കെണി ഒരുക്കിയതെന്നു കരുതുന്നു. പ്രദേശത്തു പന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നുണ്ട്. ഇതുകാരണം കൃഷി ഉപേക്ഷിച്ചവര്‍ ഒട്ടേറെയുണ്ട്. ഇവിടെ കെണി ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നാണു നാട്ടുകാരുടെ മൊഴി. വൈദ്യുതി മോഷണത്തിനും അപകടകരമായി ലൈന്‍ വലിച്ചതിനും വൈദ്യുതി വകുപ്പും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നു വാര്‍ഡ് മെമ്പര്‍ സുനിത രവീന്ദ്രന്‍ അറിയിച്ചു.

മോഹനന്‍ 10 വര്‍ഷത്തിലേറെയായി പ്രദേശത്തെ ജയരാമന്‍ എന്ന ഭൂവുടമയുടെ നെല്‍ക്കൃഷി നോക്കി നടത്തുകയാണ്. ഒന്നാം വിള കൊയ്ത്തു കഴിഞ്ഞ പാടത്തു അടുത്തദിവസം ട്രാക്ടര്‍ ഉഴാന്‍ എത്തുന്നുണ്ട്. അതിനാല്‍ പാടത്തേക്കു കനാലില്‍ നിന്നു വെള്ളം തിരിച്ചുവിടാനെത്തിയതായിരുന്നു മോഹനന്‍. അനിരുദ്ധ് അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. മോഹനന്‍ തൊഴിലുറപ്പു തൊഴിലാളി കൂടിയാണ്.

മകളുടെ വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അച്ഛന്റെയും മകന്റെയും മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസമാണു വിവാഹ പത്രിക അച്ചടിക്കാന്‍ ഏല്‍പിച്ചതെന്നു പറയുന്നു. പിതാവിന്റെയും മകന്റെയും മരണത്തോടെ കണ്ണീരിലായ അമ്മയും മകളും മാത്രമാണു വീട്ടില്‍ ശേഷിക്കുന്നത്. കുടുംബം കഴിഞ്ഞിരുന്നത് ഒറ്റമുറി വീട്ടിലാണ്. കൃഷിയിടം നോക്കിനടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനവും തൊഴിലുറപ്പു ജോലിയില്‍ നിന്നുള്ള കൂലിയും മാത്രമായിരുന്നു കുടുംബത്തിന്റെ തുച്ഛമായ വരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം