തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. കള്ളന്റെ സിസിടിവി ദൃശ്യങ്ങളുടെ വിവിധ പോസിലുള്ള ഫോട്ടോകൾ ഫ്ലക്സ് ബോർഡിൽ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഫ്ലക്സിൽ ക്യുആർ കോർഡുമുണ്ട്. ഇത് സ്കാൻ ചെയ്താൽ ദൃശ്യങ്ങൾ കാണാനും സൗകര്യമുണ്ട്!
കവടിയാറിലെ പണ്ഡിറ്റ് കോളനിയിലുള്ള കള്‍ച്ചറല്‍ ഷോപ്പി എന്ന എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് കള്ളനെ പിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നഗ്‌ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് കടയുടമ.
ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യ ദിവസം പൂര്‍ണ നഗ്‌നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതില്‍ ചാടിക്കടന്ന് എത്തിയത്. രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി. രണ്ട് ദിവസംകൊണ്ട് കടയുടെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്.
26ാം തീയതിയാണ് കള്ളന്‍ മോഷണം നടത്തിയത്. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളടക്കമുള്ളവ കള്ളൻ തൊട്ടില്ല. ഇന്‍വെര്‍ട്ടറും യുപിഎസും എടുത്താണ് ഇയാള്‍ സ്ഥലം വിട്ടത്. അതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങളും ക്യാമറയില്‍ ലഭിച്ചു.
മ്യൂസിയം പൊലീസില്‍ അടുത്ത ദിവസം പരാതി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് ഉടമ പറയുന്നു. സ്ഥാപനത്തിന്റെ വെബ്സൈറ്റിലും വീഡിയോയുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates