സുജിത് ദാസ്  ഫെയ്സ്ബുക്ക്
Kerala

'കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം'; മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു

മരം മുറിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ ജോലി ഉപേക്ഷിച്ചു. മുന്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എന്‍ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്. ഇക്കാര്യം വ്യക്തമാക്കി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു. 2023 ഡിസംബര്‍ 23 മുതല്‍ ശ്രീജിത്ത് അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണ്.

മരം മുറിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തില്‍ പറയുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കുന്നു. ഇനി സര്‍വീസില്‍ തുടരുന്നതിനോട് താത്പര്യമില്ല. പൊലീസ് സേനയോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സേനയില്‍ തുടരാന്‍ താത്പര്യമില്ല. സേനയില്‍ നിന്ന് യാതൊരു ആനുകൂല്യവും കൈപ്പറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീജിത്ത് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'എനിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി അറിയുന്നതിനും, സംവിധാനത്തിലെ പേരും കള്ളന്മാരെ പുറത്തു കൊണ്ട് വരുന്നതിനും വിവരാവകാശ നിയമം അടക്കം വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിരവധി അപേക്ഷകളും, പരാതികളും പോലീസിലെ വിവിധ ഓഫീസുകളില്‍ നല്‍കി എങ്കിലും നിരാശ ആയിരുന്നു ഫലം. കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ആറും, മൂന്നും വയസുള്ള രണ്ടു കുട്ടികളെയും, വൃദ്ധരായ മാതാ പിതാക്കളെയും സംരക്ഷിക്കുന്നതിനായി 2023 ഡിസംബര്‍ 23 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെയുള്ള ഉപജീവനബത്ത കൈപ്പറ്റിയിട്ടുണ്ട്. 2025 ഒക്ടോബര്‍ മാസത്തെ ഉപജീവന ബത്തക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഉണ്ട്'.

'അധികാരത്തിന്റെ സ്വാധീനവും, സംവിധാനങ്ങളും, സൗകര്യങ്ങളും ഉപയോഗിച്ച് സേനയിലെ ഒരു വിഭാഗം ഔദ്യോഗികവും, അനൗദ്യോഗികവും ആയ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപെടുകയും വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യുന്നു , ഇതേ വിഭാഗം ഇതേ സൗകര്യങ്ങളും, സംവിധാനങ്ങളും, സ്വാധീനവും ഉപയോഗിച്ച് ദുര്‍ബല വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന വിരോധാഭാസം കാണാന്‍ കഴിയും. രാഷ്ട്രീയ മേലാളന്മാര്‍ക്കും, വര്‍ഗീയ ശക്തികള്‍ക്കും, മുതലാളിമാര്‍ക്കും, ദല്ലാള്‍ മാര്‍ക്കും മുന്‍പില്‍ സേനയുടെ അന്തസ്സും, അഭിമാനവും സ്വന്തം നട്ടെല്ല് പോലും പണയം വെക്കുന്ന പൊലീസിലെ അധികാര വര്‍ഗ്ഗത്തോട് സമരം ചെയ്യുവാന്‍ കയ്യിലുള്ള ആയുധങ്ങളും, ശാരീരിക ശേഷിയും, സാമ്പത്തിക സ്ഥിതിയും പോരാതെ വരുന്നുണ്ട് എന്ന് തിരിച്ചറിയുന്നു'.

'ഈ തിരിച്ചറിവിനെ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോയാല്‍ ദിനം പ്രതി ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം'. ശ്രീജിത്ത് കത്തിൽ പറയുന്നു. മരംമുറിയിൽ മുൻ എസ്പിയായിരുന്ന സുജിത്ത് ദാസിന്റെ പങ്ക് അടക്കം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരത്തെ പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. മരം മുറിയെക്കുറിച്ച് പി വി അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

The sub-inspector who filed a complaint regarding tree felling at the Malappuram SP's camp office has resigned from his job.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

കറികളില്‍ എരിവ് കൂടിയോ? പേടിക്കേണ്ട, പരിഹാരമുണ്ട്

'വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടം'; ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​ഗൗരിയുടെ മറുപടി, കയ്യടിച്ച് താരങ്ങൾ

പേരാമ്പ്രയില്‍ സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

SCROLL FOR NEXT