ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആർന് തുടക്കം കുറിക്കുന്നത്.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ തുടങ്ങുന്നത്. ഇതോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ എസ്‌ഐആറിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുള്ളത്. അസമിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പൗരത്വ പരിശോധനാ പ്രക്രിയ നടന്നു വരികയാണ്.
ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) ഇന്നുമുതൽ വീടുകൾ കയറി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ ഫോം വിതരണം ചെയ്യുക. ബിഎൽഒമാർ വിതരണം ചെയ്യുന്ന ഫോം വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകൾ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകൾ ഉണ്ടെങ്കിൽ വോട്ടർമാർ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. കേരളത്തിൽ അവസാനമായി എസ് ഐ ആർ നടന്ന 2002ലെ വോട്ടർ പട്ടിക ആധാരമാക്കിയാണ് പരിഷ്കരണം.
2002-ലെ വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന, 12 രേഖകളിൽ ഒന്ന് സമർപ്പിച്ചാൽ മാത്രമേ, വോട്ടവകാശം പുനസ്ഥാപിക്കാനാകൂ. എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെയാണ്. ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേൽ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. മൂന്നുമാസം നീളുന്ന വോട്ടർപട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവർഷം ഫെബ്രുവരി ഏഴിന് പൂർത്തിയാകും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടർമാരാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates