ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുലക്ഷത്തി അറുപത്തി ആറായിരം ജീവനക്കാരുടെയും 68,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യമാണ്. എസ്‌ഐആറിനായി 26,000 ഓളം ജീവനക്കാരുടെ സേവനം ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഭരണം സ്തംഭിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എസ്‌ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ ഒരു കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടുല്ലെന്നും ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates