അഡ്വ. ആളൂര്‍ 
Kerala

ഗോവിന്ദച്ചാമിയുടെ കൊലക്കുടുക്ക് ഊരിയ അഭിഭാഷകന്‍, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതിഭാഗത്തിനായി ഹാജര്‍; വാര്‍ത്തകളില്‍ നിറഞ്ഞ ആളൂര്‍

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് 53 കാരനായ ബിജു ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടംപിടിച്ച അഭിഭാഷകനാണ് അഡ്വ. ആളൂര്‍. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് 53 കാരനായ ബിജു ആന്റണി എന്ന ബി എ ആളൂര്‍. ആളൂര്‍ പ്രതികള്‍ക്കായി ഹാജരായ ചില പ്രധാന കേസുകള്‍ ഇവയാണ്.

2011 ല്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായാണ് ആളൂര്‍ ആദ്യമായി മാധ്യമശ്രദ്ധ നേടുന്നത്. ഈ കേസിൽ ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ ആളൂര്‍ പ്രതിഭാഗത്തിനായി ഹാജരായി.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ആളൂര്‍ ഹാജരായിരുന്നു. അമീറുള്‍ ഇസ്ലാം നിരപരാധിയാണെന്നും, കുറ്റം ചെയ്തത് മറ്റാരോ ആണെന്നുമായിരുന്നു ആളൂരിന്റെ വാദം. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അമീറുള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്ന അമീറുളിന്റെ ഹര്‍ജിയിലും ആളൂരാണ് ഹാജരായത്.

കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ജോളിക്കായും അഡ്വ. ആളൂര്‍ ഹാജരായിരുന്നു. ഈ കേസില്‍ ഹാജരായതിന് ഏറെ വിമര്‍ശനം കേട്ടിരുന്നു. ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതിഭാഗത്തിന്റെ അഭിഭാഷകനാണ് അഡ്വ. ആളൂര്‍. ബണ്ടിചോര്‍ എന്ന കുപ്രസിദ്ധ കുറ്റവാളിക്കു വേണ്ടി വാദിക്കാനും ആളൂര്‍ കോടതിയിലെത്തി. ഡോ. വന്ദന കൊലക്കേസിലും പ്രതിഭാഗത്തിനായി ആളൂര്‍ ഹാജരായി.

കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരന്‍ റിയാസ് അബൂബക്കറിനായും അഡ്വ. ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ പറഞ്ഞിരുന്നു. പിന്നീട് മറ്റെന്തോ കാരണത്താല്‍ ഈ കേസിന്റെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിയുകയായിരുന്നു.

സാധാരണ നിലയില്‍ മനസാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുപോലും അങ്ങോട്ടുപോയി ഏറ്റെടുത്ത് ശ്രദ്ധ നേടിയ അഭിഭാഷകനാണ് ആളൂര്‍. എന്നാല്‍ ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്കായി ഹാജരാകില്ലെന്നും, കുട്ടിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നുമാണ് അഡ്വ ആളൂര്‍ പ്രസ്താവിച്ചത്.

1999ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. വടക്കാഞ്ചേരി കോടതി അടക്കം കേരളത്തിലെ വിവിധ കോടതികളില്‍ നാല് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് പൂനെയ്ക്ക് വണ്ടി കയറിയ ആളൂര്‍ ദീര്‍ഘകാലം അവിടെ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'