തീരുവനന്തപുരം: ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്പീക്ക് അപ്പ് എന്ന പേരിലാണ് പദ്ധതി. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കര്‍ശനവും അതിശക്തവുമായ ദൗത്യത്തിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുകയാണ്. അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗം ഐപിഎസ് ആണ് ദൗത്യസംഘത്തെ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
നിരോധിച്ചെങ്കിലും 'സതി'യുടെ പ്രേതങ്ങള്‍ ഇപ്പോഴും നമ്മുടെ വീടുകളില്‍ അലഞ്ഞുനടക്കുന്നുണ്ട്. അതിലൊന്നാണ് ഗാര്‍ഹിക പീഡനമെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മരുമകള്‍ക്ക് നേരെയുള്ള പോരും പീഡനവും ഒരു ദുരാചാരം പോലെ പല വീടുകളിലും തുടരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 സ്ത്രീകളാണ് മരിച്ചത്. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷത്തില്‍ ഏതാണ്ട് 15,000 ലേറെ പരാതികളാണ് ലഭിച്ചത്. പരാതി പറയാന്‍ പോലും സാധിക്കാതെ പീഡനം നിശ്ശബ്ദം സഹിക്കുന്നവര്‍ ഇതിലും എത്രയോ വലുതാണ്. 60 ലേറെ വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച സ്ത്രീധനം ഇന്നും നമ്മുടെ പെണ്‍മക്കളുടെ ഘാതകരാകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ല. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ അവള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി, സമഗ്രമായ സ്ത്രീ മുന്നേറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മന്ത്രി ചെന്നിത്തല പറഞ്ഞു.
പറയാന്‍ മടിക്കുകയോ, പറയാതിരിക്കുകയോ അല്ല ചെയ്യേണ്ടത്. സ്പീക്ക് അപ്പ്. ഗാര്‍ഹിക പീഡനത്തിനെതിരെ സര്‍ക്കാരിന്റെ അതിശക്തമായ ഇടപെടലാണ് സ്പീക്ക് അപ്പ് പദ്ധതി. സഹോദരിയെപ്പോലെ, കൂട്ടുകാരിയെപ്പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഈ പ്രത്യേക ദൗത്യ സംഘം കേള്‍ക്കും. ഇനിമുതല്‍ സ്പീക്ക് അപ് ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ നിന്ന് ഗാര്‍ഹിക പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. തുടര്‍ന്ന് വേഗത്തില്‍ നിയമനടപടി സ്വീകരിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കും. ഒരുവിധ പീഡനങ്ങളോടും സ്ത്രീകള്‍ മൗനം പാലിക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates