തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടികളിൽ അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യാനാണ് സർക്കാർ നിർദേശം. സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഇത് തുടരും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സുവരെ എൻറോൾ ചെയ്തിട്ടുള്ള ഏകദേശം 4800 കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ചുമതലപ്പെട്ട റിസോഴ്സ് അദ്ധ്യാപകരുടെ സഹായത്തോടെ വീടുകളിൽ തുടർന്ന് വിദ്യാഭ്യാസം നേടുന്നവരാണ്. ഈ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫീഡിങ് ലിസ്റ്റിൽ ഉൾപ്പെടുത്താറില്ല. സാഹചര്യം വിശദമായി പരിശോധിച്ച ശേഷമാണ് ഈ വിഭാഗങ്ങൾക്ക് കൂടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ എല്ലാ സ്കൂൾ കുട്ടികൾക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് പദ്ധതിയുടെ അർഹതാപട്ടികയിൽ ഉള്ളത്. ബഡ്സ് / സ്പെഷ്യൽ വിദ്യാലയങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ ഉണ്ടായിരുന്നില്ല. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates