തിരുവനന്തപുരം: വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.
വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് 2019ലാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേടിയത്. ഡിസംബറില്‍ രജിസ്‌ട്രേഷന്‍ ഐജിയായതോടെ രജിസ്റ്റര്‍ വിവാഹം മതിയെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍ ചന്ദും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ലളിത വിവാഹം യാഥാര്‍ഥ്യമായത്.
ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ കെ സുരേഷും കെ സി കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ രാമചന്ദ്രനും ടി രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആണ് നടന്നത്. ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി പി നൈനാന്‍ വിവാഹ കര്‍മം നിര്‍വഹിച്ചു. വിവാഹാശംസകള്‍ക്കൊപ്പം 2 ദിവസത്തെ അവധിയും അനുവദിച്ച രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിവാഹത്തില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ നിന്ന് എത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീട്ടില്‍ വിവാഹം നടത്താമെന്ന് അറിയുന്നവര്‍ കുറവാണെന്നും ഇതുള്‍പ്പെടെ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധികഫീസ് നല്‍കിയാല്‍ വീട്ടില്‍ വിവാഹം നടത്താമെന്നാണു വ്യവസ്ഥ.
കേക്ക് മുറിച്ച് ദമ്പതികള്‍ മധുരം പങ്കിട്ടു. ആദിവാസി വിഭാഗത്തില്‍നിന്ന് ഐഎഎസ് നേടിയ ആദ്യ വനിതയാണ് വയനാട് സ്വദേശിനി ശ്രീധന്യ. 2019ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates