വിമല കോളജ്, ഡോ. ഫീബാറാണി ജോണ്‍(thrissur vimala college) സമകാലിക മലയാളം
Kerala

സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാര്‍ഡ് വിമല കോളജിന്; അഭിമാന നേട്ടവുമായി അധ്യാപിക ഫീബാറാണി

പരിസ്ഥിതി വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണിത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി വിമല കോളജ് തൃശൂരിനെ തെരഞ്ഞെടുത്തു. 2023 - 2024 വര്‍ഷത്തെ ഭൂമിത്രസേന ക്ലബ് സംസ്ഥാന അവാര്‍ഡാണ് വിമല കോളജിനെ(Thrissur Vimala College) തേടിയെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണിത്.

തൃശൂര്‍ ജില്ലയിലെ വിവിധ ആവാസ വ്യവസ്ഥകളിലെ ചിത്രശലഭങ്ങളെയും പക്ഷികളെയും കുറിച്ച് നടത്തിയ പഠനങ്ങള്‍, തൃശൂര്‍ ജില്ലയിലെ വിവിധ ബീച്ചുകളിലെ കടല്‍ പുഴുക്കളുടെ ജൈവവൈവിധ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, തൃശൂര്‍ മൃഗശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, കോളജിലെ കുട്ടികളുടെ വീടുകളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഓര്‍ഗാനിക് ഫാമിംഗ്, കിച്ചന്‍ ഗാര്‍ഡന്‍ പദ്ധതികള്‍, പ്രകൃതി പഠന ക്യാമ്പുകള്‍, തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന, 'തീരദേശ ആവാസ വ്യവസ്ഥയുടെ ആരോഗ്യ വിലയിരുത്തലും ജൈവ വൈവിധ്യ പര്യവേക്ഷണവും' എന്ന വിഷയത്തില്‍ തൃശൂര്‍ ജില്ലയിലെ വിവിധ കോളജുകളില്‍ പരിസ്ഥിതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കിയ ശില്‍പ്പശാലകള്‍, കോളജ് ക്യാംപസില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പ്രകൃതി മലീനീകരണം തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മണ്ണ് പരിശോധന പദ്ധതികള്‍ എന്നിവയാണ് വിമല കോളജിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി വര്‍ഷങ്ങളായി നടത്തി വരുന്ന വാട്ടര്‍ ക്വാളിറ്റി അസസ്‌മെന്റ് പദ്ധതിയും അവാര്‍ഡ് ലഭിക്കുന്നതിന് കാരണമായതായി 2011 മുതല്‍ വിമല കോളജിലെ ഭൂമിത്രസേന ക്ലബിന്റെ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫീബാറാണി ജോണ്‍ പറഞ്ഞു. അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

കയ്യൊപ്പ് ചാര്‍ത്തി ഡോ. ഫീബാറാണി ജോണ്‍

ഭൂമിത്രസേന ക്ലബ് അവാര്‍ഡോടെ ഡോ.ഫീബാറാണി ജോണ്‍ ക്യാംപസില്‍ താരമായിരിക്കുകയാണ്. ഡോ. ഫീബാറാണി ജോണിന്റെ നേതൃത്വത്തില്‍ ഇത് ആറാമത്തെ അവാര്‍ഡാണ് വിമല കോളജിന് ലഭിക്കുന്നത്. വിമലയുടെ ചരിത്രത്തില്‍ ആദ്യമാണിത്. കോളജ് മാനേജ്‌മെന്റ് ഏല്‍പ്പിച്ചതെല്ലാം കോളജിന് അവാര്‍ഡുകളാക്കി മാറ്റിയ ഫീബാറാണി നിലവില്‍ ജന്തുശാസ്ത്ര വിഭാഗം മേധാവി കൂടിയാണ്.

നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായിരിക്കെ 2013ലാണ് അവാര്‍ഡുകളുടെ പെരുമഴക്കാലം ആരംഭിക്കുന്നത്. 2011-2012 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള അവാര്‍ഡാണ് ആദ്യത്തെ നേട്ടം. ആ വര്‍ഷം സര്‍വ്വകലാശാലയിലെ മികച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡും ഡോ. ഫീബാറാണി ജോണിന് ലഭിച്ചിരുന്നു. അതേ വര്‍ഷം സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള അവാര്‍ഡും വിമല കോളജിന് ലഭിച്ചു. മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഡോ.ഫീബാറാണി സ്വന്തമാക്കി. പിന്നീട് 2017-2018 അധ്യയന വര്‍ഷത്തെ മികച്ച ആന്റി നാര്‍ക്കോട്ടിക് ക്ലബിനുള്ള സംസ്ഥാന അവാര്‍ഡ് വിമല കോളജിനെ തേടിയെത്തിയതിന് പിന്നിലും ക്ലബിന്റെ കോഓര്‍ഡിനേറ്ററായ ഫീബാറാണിയായിരുന്നു. അതേ വര്‍ഷം തൃശൂര്‍ ജില്ലയിലെ മികച്ച ആന്റിനാര്‍ക്കോട്ടിക് ക്ലബ് അവാര്‍ഡും വിമല കോളജിന് ലഭിച്ചിരുന്നു. എക്‌സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കയ്യെഴുത്ത് മാസിക മത്സരത്തില്‍ വിമല കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ പ്രസ്തുത കയ്യെഴുത്ത് മാസിക, വഴിവിളക്കിന്റെ എഡിറ്റര്‍ ഡോ. ഫീബാറാണി ജോണ്‍ ആയിരുന്നു. 2017 മുതല്‍ 2023 വരെ കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് സെല്‍ കോഓര്‍ഡിനേറ്ററും 2023 മുതല്‍ അംഗവുമാണ്. നിലവില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ കണക്ട് കരിയര്‍ ടു കാമ്പസ് പദ്ധതിയുടെ കോഓര്‍ഡിനേറ്ററാണ്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ മാസ്റ്റര്‍ മെന്റര്‍ അവാര്‍ഡ് ജേതാവാണ്. വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് 2012ല്‍ ഡോ. ഫീബാറാണി ജോണിന് മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രം ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT